അരലിറ്റർ മണ്ണെണ്ണയും അൽപം കോട്ടൺ തുണിയും; ഏത് ആനയും പറ പറക്കുന്ന വെടി ശബ്ദം

കൃഷിയിടങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ തുരത്താൻ ഏറ്റവും ഫല പ്രദമായ മാർഗ്ഗമാണ് ഈ മുള വെടി

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 04:39 PM IST
  • വന്യമൃഗങ്ങളെ തുരത്താൻ ഏറ്റവും ഫല പ്രദമായ മാർഗ്ഗമാണിതെന്ന് കുഞ്ഞുമോൻ
  • കാഞ്ചിയാർ സ്വദേശി കുഞ്ഞുമോന്റെ ആയുധമാണ് ഈ മുളവെടി
  • കാട്ടാനകളെ വിരട്ടനായി കുഞ്ഞുമോന്റെ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം
അരലിറ്റർ മണ്ണെണ്ണയും അൽപം കോട്ടൺ തുണിയും; ഏത് ആനയും പറ പറക്കുന്ന വെടി ശബ്ദം

നാട്ടിൽ ആനകളെ ചട്ടം പഠിപ്പിക്കാൻ പാപ്പാൻമാർ ഉപയോഗിക്കുന്നത് കാരവടിയാണ്. പെട്ടെന്ന് ഒടിയാത്തതും ഒരടി കിട്ടിയാൽ നല്ല വേദനയെടുക്കുന്നതുമാണ് കാര.എന്നാൽ ഇനി വരുന്നത് കാട്ടാന ആണെങ്കിലോ? അതിനാണ്  ഒരു മുളംകമ്പ്.

 ഇത്  കൊണ്ട് ആനയെ ഓടിക്കുമെന്ന് പറഞ്ഞാൽ അതൊരു ആനക്കള്ളമാണെന്ന് കേൾക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ പുകപടലങ്ങളോടെ തീ തുപ്പി ഉഗ്രശബ്ദത്തിൽ സ്‌ഫോടനം തീർക്കുന്ന ഇല്ലി പടക്കം അത്ര നിസാരമല്ല. 

കൃഷിയിടങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ തുരത്താൻ ഏറ്റവും ഫല പ്രദമായ മാർഗ്ഗമാണ് ഈ മുള വെടി. പണ്ട് കാലങ്ങളിൽ കുഴിച്ചിട്ട ഈറകളും ആനയെ തുരത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും മുളവെടിയോളം ഫലപ്രദമല്ല ഈ മാർഗ്ഗങ്ങൾ.കട്ടപ്പന കാഞ്ചിയാർ സ്വദേശി കുഞ്ഞുമോന്റെ ആയുധം ആണ് ഈ മുളവെടി. കാഞ്ചിയാർ മറ്റപ്പള്ളിക്കവലയിലാണ് തകിടിയേൽ കുഞ്ഞുമോന്റെ താമസം

ആറു പതിറ്റാണ്ടു മുമ്പ് കാട്ടിൽ നിന്നും കൃഷിയിടത്തിലേയ്ക്കും വീടുകളിലേയ്ക്കും എത്തുന്ന കാട്ടാനകളെ വിരട്ടിയോടിക്കുന്നതിനായി കുഞ്ഞുമോന്റെ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം. അക്കാലത്ത്  ആനശല്യം പ്രധാന വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരം തേടിയുള്ള അന്വേഷണമാണ്  മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തതിലേയ്ക്ക് എത്തിച്ചത്. വലിയ ശബ്ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കില്ലന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

അപകടരഹിതവും ആയാസരഹിതവുമാണെന്നതാണ് മുള വെടിയുടെ മറ്റൊരു സവിശേഷത. ചിലവും വളരെ കുറവാണ്. അരലിറ്റർ മണ്ണെണ്ണയും അൽപം കോട്ടൺ തുണിയും കത്തിച്ചുവെച്ച വിളക്കും ഉണ്ടെങ്കിൽ ഈ ഉപകരണത്തിൽ മണിക്കൂറുകളോളം ഉഗ്രശബ്ദത്തിൽ വെടിയൊച്ച പുറപ്പെടുവിച്ച് കൊണ്ടെയിരിക്കാം.

പണ്ടു കാലങ്ങളിൽ പലരും ഇത്തരം ഉപകരണം ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് ഒരു ഓർമയ്ക്കായെങ്കിലും ഉപയോഗിക്കുന്നത് കുഞ്ഞുമോൻ മാത്രമാണ്. തനിക്ക് പകർന്ന് കിട്ടിയ കഴിവ് പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കാൻ അദ്ദേഹം തയാറാണെങ്കിലും ചുരുക്കം ചിലർ മാത്രമേ ഈ വിദ്യ ഫലപ്രദമായി പ്രയോഗിക്കുന്നുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News