സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി; കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ

ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്

Written by - Zee Hindustan Malayalam Desk | Last Updated : May 10, 2021, 04:05 PM IST
  • രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം
  • സിടി സ്‌കാൻ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം
  • ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്
  • ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്കമാക്കുന്നു
സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി; കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ

കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് (Covid) രോഗികളുടെ ചികിത്സാ നിരക്ക് നിജപ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി (High Court) നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്.

രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സിടി സ്‌കാൻ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ (ICU) ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്കമാക്കുന്നു.

ALSO READ: Covid വ്യാപനം; സംസ്ഥാനത്ത് 10 ദിവസത്തിനിടെ രോ​ഗം ബാധിച്ചത് 1071 ആരോ​ഗ്യപ്രവർത്തകർക്ക്

ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കൊവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ (Private Hospitals) കോടതിയില്‍ വ്യക്തമാക്കി.

സിടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്‌സുമാര്‍  ജോലിചെയ്യുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പിപിഇ കിറ്റ് ധരിക്കാന്‍ സാധിക്കില്ല. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവര്‍ കോടതിയെ അറിയിച്ചു. അതേസമയം, ഈ അസാധാരണ സാഹചര്യത്തിലും ചികിത്സയ്ക്ക് ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി വിമർശനം ഉയർത്തി.

ALSO READ: Covid19: എറണാകുളം ജില്ലയിൽ ഇനി ഒഴിവുള്ളത് 2000-ൽ താഴെ കിടക്കകൾ

നിലവിലെ സാഹചര്യം വളരെ മോശമാണ്. കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും ഇത്തരം കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. രണ്ടു ദിവസത്തെ ഓക്സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്തശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News