രാജിവെക്കാത്ത വിസിമാര്‍ക്ക് ഷോക്കോസ് നോട്ടീസ്; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും ഗവർണർ പറഞ്ഞു

Last Updated : Oct 24, 2022, 05:38 PM IST
  • 'ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്
  • ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണർ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്
  • വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം
രാജിവെക്കാത്ത വിസിമാര്‍ക്ക് ഷോക്കോസ് നോട്ടീസ്; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം : രാജിവയ്ക്കാത്ത വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടുത്ത മാസം മൂന്നാം തിയതി അഞ്ച് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സര്‍വകാലാശാല വിസിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും ഗവർണർ പറഞ്ഞു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദേശം സർവകലാശാല വിസിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പരാമർശം. 

കണ്ണൂർ വിസിക്കെതിരായ വിമർശനത്തെ ഗവർണർ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും കണ്ണൂർ വിസിയെ വിമർശിച്ചു. തന്റെ ഉത്തരവുകൾ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നൽകുന്നില്ല. കേരള വൈസ് ചാൻസലർ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നൽകിയത്. ഞാൻ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാൽ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാൻ അദ്ദേഹം തയാറായില്ല. ഓണം പരിപാടിയും തിരുവനന്തപുരത്ത് നടത്തുന്നില്ലെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ തലസ്ഥാനത്ത് ഓണം നടന്നോ എന്നത് എല്ലവാർക്കും അറിയാം. അതുകൊണ്ടാണ് അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കാൻ പോയത്. 

'ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.  കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണർ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. 9 പേരുടെ മാത്രമല്ല. മറ്റ് രണ്ട് വിസിമാരുടെ കാര്യവും താൻ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിർന്ന പലരിൽ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളു. രണ്ടു, മൂന്ന് വൈസ് ചാൻസലർമാരോട് എനിക്ക് സഹതാപമുണ്ട്. രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ആരും രാജിവച്ചില്ല. അതിനാൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News