Veena George: മുപ്പത് വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

Annual health screening: ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കും.

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 11:40 PM IST
  • ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു
  • ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിംഗ് ആരംഭിച്ചു
Veena George: മുപ്പത് വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

മുപ്പത് വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണ്.

ശൈലി രണ്ടിൽ കുടുതൽ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീൻ ചെയ്യുക മാത്രമല്ല പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ശൈലി ഒന്നാംഘട്ടത്തിൽ പ്രവർത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തിന്റെ (ശൈലി 2.0) ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് പൂർത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇതിനായി ശൈലി 2.0 ആപ്പ് വികസിപ്പിച്ചു.

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവി കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വാർഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും. വീടുകളിലെത്തി സ്‌ക്രീനിംഗിലൂടെ രോഗസാധ്യത കണ്ടെത്തിയ വ്യക്തികൾക്ക് പരിശോധനയും രോഗനിർണവും നടത്തി തുടർചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും രോഗ സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി.

ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ പ്രതിരോധിക്കാനും സാധിക്കുന്നു.

 

Trending News