തിരുവനന്തപുരത്ത് കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു

  

Last Updated : Nov 30, 2017, 01:13 PM IST
തിരുവനന്തപുരത്ത് കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ന്യൂനമര്‍ദ്ദമേഖല കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് ഭാഗത്തേക്കാണ് ന്യൂനമര്‍ദ്ദം നീങ്ങുന്നത്. കാറ്റിന്‍റെ ശക്തി ഇനിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. 

കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്‍റെ ഫലമായിട്ടാണ് തെക്കന്‍ കേരളത്തിന്‍റെ പലഭാഗത്തും കനത്ത മഴ തുടങ്ങിയത്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികളോട് അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മഴെയതുടര്‍ന്ന് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടർന്ന് തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഏതു നിമിഷം വേണമെങ്കിലും ഉയർത്തും. കല്ലടയാറിന്‍റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കാറ്റിലും മഴയത്തും പലയിടത്തും മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കോട്ടയത്തും രാവിലെ മുതൽ മൂടിയ കാലാവസ്ഥയും മഴയുമാണ്.

Trending News