തോളിൽ കയ്യിട്ടും, കൈ ചേർത്ത് പിടിച്ചും ചങ്കല്ല ചങ്കിടിപ്പാണെന്ന് പറഞ്ഞും സ്കൂൾ പടിയിലൂടെയും വരാന്തകളിലൂടെയും ഉറ്റ സുഹൃത്തുക്കളുമായി നടന്നിരുന്ന ആ സ്കൂൾ കോളേജ് കാലം ഇത്തിരി കാലത്തേക്കെങ്കിലും അവസാനിക്കാൻ പോവുകയാണ്. ഇത്തിരി ആണോ ഒത്തിരി ആണോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടി വരും.
ആദ്യമായി സ്കൂൾ പടി ചവിട്ടുമ്പോൾ കൂടെപ്പിറപ്പോ കൂട്ടുകാരോ ഒരുമിച്ചുണ്ടെങ്കിൽ അമ്മ പറയുമായിരുന്നു, 'അവരുടെ കൈ വിടരുത്, മുറുകെ പിടിച്ചോണം, ഒരുമിച്ച് ഭക്ഷണംകഴിക്കണം, ഭക്ഷണത്തിൻ്റെ പാതി അവർക്കും കൊടുക്കണം, കേട്ടോ'. ജീവിതത്തിൽ പഠിക്കാൻ പോകുന്ന പാഠങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു. സ്നേഹത്തിൻ്റെയും, പങ്കുവയ്ക്കലിൻ്റെയും സംരക്ഷണൻ്റെയും പാഠങ്ങൾ അമ്മ പഠിപ്പിക്കാതെ മനഃപാഠമാക്കിത്തന്നു. എന്നാൽ ഈ കോവിഡ് കാലത്ത് എല്ലാം മാറുകയാണ്.
മുതിർന്ന കുട്ടികൾക്ക് സ്കൂൾ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുമ്പോൾ നിരവധി മാർഗനിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. തമ്മിൽ 6 അടി അകലം ഉണ്ടായിരിക്കണം, Mask ധരിക്കണം, കൂട്ടം കൂടാൻ പാടില്ല, ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരണം തുടങ്ങി നിരവധി നിബന്ധനകളാണ് കുട്ടികൾക്കും അധ്യാപകർക്കും മുന്നിലുള്ളത്.
കുട്ടികൾ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയുക തന്നെ വേണം. കാരണം സ്കൂൾ കോളേജ് കാലഘട്ടം നമ്മുടെയൊക്കെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടത്തിൽ ഒന്നാണ്. ഇതിനിടയിൽ അധ്യാപകരുടെ നിർദേശങ്ങൾ പോലും കാറ്റിൽ പറത്തി അർമാദിച്ചിരുന്ന അവരുടെ മുന്നിൽ 6 അടി അകലത്തിൽ നിൽക്കണം, മാസ്ക് ധരിക്കണം, സ്പര്ശനം പാടില്ല എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് പോലും പറയാൻ സാധിക്കില്ല.
ഒരേ പാത്രത്തിൽ കയ്യിട്ട് വാരി, ഒരേ ബെഞ്ചിൽ ഇരുന്ന്, ഒരേ കടലമിട്ടായി വീതിച്ച് കഴിച്ച കഥകൾ പറയാൻ വരും തലമുറകൾക്ക് പറ്റുമോ എന്ന് സംശയമാണ്. ഒപ്പം വായിനോട്ടം എന്ന കലയും അന്യം നിന്ന് പോകാൻ സാധ്യതയുണ്ട്.
എന്തൊക്കെയായാലും ഒരിക്കൽ ബീർബൽ അക്ബറിനോട് പറഞ്ഞത് പോലെ 'ഈ സമയവും കടന്ന് പോകും'. നമുക്ക് കാത്തിരിക്കാം.