തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തില്‍ നിയമസഭയിലും ഇ.പി.ജയരാജനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. സുധീര്‍ നമ്പ്യാരെ നിയമിച്ചത് താനറിഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താനറിയേണ്ടതല്ല വ്യവസായ വകുപ്പിലെ നിയമനങ്ങള്‍. ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ യുഡിഎഫ് സമീപനമല്ല എല്‍ഡിഎഫിന്റെതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, നിയമനങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്ന് വി.ഡി സതീശന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അനുമതിയോടെ നിയമനം നടത്തണമെന്ന് വ്യവസായ സെക്രട്ടറി പോള്‍ ആന്റണി ഫയലില്‍ കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ലെന്നും വി.ഡി സതീശന് ആരോപിച്ചു.
അതിനിടെ, സഭാ നടപടികൾ നല്ലപ്പോലെ നിയന്ത്രിച്ചിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഇന്ന് അബദ്ധം സംഭവിച്ചു. ശൂന്യവേളയിൽ സഭാ ചട്ടം 64 പ്രകാരം രാജിവെച്ച മന്ത്രി ഇ.പി ജയരാജനെ പ്രത്യേക പ്രസ്താവന നടത്താൻ ക്ഷണിക്കേണ്ട സ്പീക്കർ പകരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശന് വിഷയം അവതരിപ്പിക്കാനായി ക്ഷണിച്ചു. പിന്നീട് അബദ്ധം മനസിലാക്കിയ സ്പീക്കർ ജയരാജനെ പ്രസ്താവന നടത്താൻ ക്ഷണിക്കുകയായിരുന്നു.