കോഴിക്കോട്: ഐഎൻഎലിൽ മാസങ്ങളായി നിലനിൽക്കുന്ന പ്രതിസന്ധി അതി രൂക്ഷമാകുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനായ പ്രൊഫ എപി അബ്ദുൾ വഹാബിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കുന്നു എന്നാണ് ദേശീയ സമിതി പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ദേശീയ കമ്മിറ്റി എന്ന വ്യാജേന നടക്കുന്നതെല്ലാം തള്ളിക്കളയുന്നു എന്നാണ് എപി അബ്ദുൾ വഹാബ് ഇതിനോട് പ്രതികരിച്ചത്.
ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് കാണിച്ചാണ് എപി അബ്ദുല്‍ വഹാബിനെ പുറത്താക്കിയത് എന്നാണ് വിശദീകരണം. മാർച്ച് 9 ന് ഓൺലൈൻ ആയി ചേർന്ന ഐഎന്‍എല്‍ ദേശീയ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. വഹാബ് പക്ഷത്തിന്റെ ജനറൽ സെക്രട്ടറിയായ നാസർ കോയ തങ്ങളെയും പുറത്താക്കി. ആറുവർഷത്തേക്കാണ് ഇരുവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
കാലാവധി തീർന്ന സംസ്ഥാന പ്രവർത്തക സമിതിയും, കൗണ്‍സിലും പിരിച്ച് വിട്ട് കഴിഞ്ഞ മാസം വഹാബ് അടക്കം 7 പേർ അംഗങ്ങളായ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചിരുന്നു. എന്നാൽ ആ തീരുമാനം തള്ളി സമാന്തര പ്രവർത്തനങ്ങളുമായി എപി അബ്ദുല്‍ വഹാബ് മുന്നോട്ട് പോയി എന്നാണ് ആക്ഷേപം. ദേശീയ നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെന്നും വിമർശനമുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പൊതുഇടങ്ങളില്‍നിന്ന് സംഭാവന പിരിക്കരുത്, പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫിസുകളിലോ പ്രവേശിക്കരുത് എന്നും ദേശീയ സമിതി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. രാഷ്ട്രീയമായി ഇവരുമായി സഹകരിക്കരുതെന്നും നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്ന മുന്നറിയിപ്പും അണികൾക്ക് നൽകുന്നുണ്ട്.
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ രൂക്ഷമായാണ് എപി അബ്ദുൾ വഹാബ് പ്രതികരിച്ചിരിക്കുന്നത്. ദേശീയ നേതൃത്വം എന്ന വ്യാജേന തന്നെയും സഹപ്രവർത്തകരെയും ഐ എൻ എല്ലിൽ നിന്നും പുറത്താക്കിയെന്ന അറിയിപ്പ് കാണാനിടയായി, അത് മുഖവിലക്കെടുക്കുന്നില്ല, തള്ളിക്കളയുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഇതിന് നേതൃത്വം നൽകിയത് ഇടതുപക്ഷ മുന്നണിയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവത്തോടെ കാണുന്നു. സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നേണ്ട മന്ത്രി ഇത്തരം വ്യാജ ലെറ്റർ പാഡ് വാർത്തകൾ സൃഷ്ടിച്ച് സമയം പാഴാക്കുന്നതിനോട് വിയോജിപ്പുണ്ട്. അനാവശ്യ പ്രകോപനമുണ്ടാക്കി പാർട്ടിക്കും ഇടത് പക്ഷ മുന്നണിക്കും പേരുദോഷമുണ്ടാക്കാനുള്ള ഗൂഢോദ്ദേശവും ഇതിൻ്റെ പിന്നിലുണ്ട്. ഭിന്നത പരിഹരിക്കാനുള്ള എൽഡിഎഫ് നേതൃത്വത്തിൻ്റെ നിർദ്ദേശത്തെയാണ് ഇവർ പരിഹാസ്യമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.