ഐഎസ്സിന് കണ്ണൂരില്‍ നിന്നും ഫണ്ട്

  

Last Updated : Dec 18, 2017, 04:14 PM IST
ഐഎസ്സിന് കണ്ണൂരില്‍ നിന്നും ഫണ്ട്

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരിൽ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്‍റെ വിവരങ്ങൾ പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറി.  പള്ളി നിർമ്മാണത്തിനെന്ന പേരിൽ ദുബായില്‍നിന്നും കണ്ണൂറില്‍ നിന്നും പണപ്പിരിവ് നടത്തിയത് പാപ്പിനിശേരി സ്വദേശി തസ്ലീമാണ്.  ഐസിസ് ക്യാംപിലുള്ളവരും നാടുവിട്ടവരുമായ കണ്ണൂർ സ്വദേശികളടക്കമുള്ളവർക്കാണ് ഇയാൾ പണമെത്തിച്ച് നൽകിയത്.  ഇത് സംബന്ധിച്ച രേഖകൾ പോലീസ് അടുത്ത ദിവസം എന്‍ഐഎയ്ക്ക് കൈമാറും.

ഐസിസ് ബന്ധമുള്ള കേസുകളില്‍  മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുൽറസാഖ്, തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നീ അഞ്ച് പേർക്കെതിരായ കേസ് ഏറ്റെടുത്ത് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പൊലീസ് കൈമാറിയിരിക്കുന്നത്. ഇവർ കണ്ണൂരിലാണ് പിടിയിലായത്.  ഇവരിൽ മിഥിലാജിന്‍റെ' അക്കൗണ്ടിലേക്ക് നാൽപ്പതിനായിരും രൂപ, നേരത്തെ പിടിയിലായ ഷാജഹാന് ഷാർജയിൽ വെച്ച് ഒരു ലക്ഷം രൂപ എന്നിവ തസ്ലീം കൈമാറിയിട്ടുണ്ട്.   കണ്ണൂർ സ്വദേശിയായ ഒരു ടെക്സ്റ്റെൽസ് ഉടമ വഴിയാണ് ഷാജഹാന് പണം നൽകിയത്.  ഇയാളെ ചോദ്യം ചെയ്ത് സാക്ഷിയാക്കാനാണ് ശ്രമം.  ഡോളറായും രൂപയായും വേറെയും നിരവധി പേർക്ക് പണമെത്തിച്ച് നൽകിയതായി വിവരമുണ്ട്.  പള്ളി നിർമ്മാണത്തിനായി ദുബായിൽ പണപ്പിരിവ് നടത്തിയതിന് കേസും ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.   ഫണ്ടിംഗ് സംബന്ധിച്ച വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഒളിവിലുള്ള തസ്ലീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

Trending News