കൊച്ചി: നടൻ ജോജു ജോർജിന്റെ (Actor Joju George) വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ (Bail plea) ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് (Court) ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് (Police) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജോജുവിൻറെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ച് ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിൻറെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്ക് പരുക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.
ALSO READ: Joju George|ജോജു ജോര്‍ജ്- കോൺഗ്രസ് തർക്കം ഒത്തുതീര്‍പ്പിലേക്ക്
അതേസമയം, ജോജുവുമായി സംസാരിച്ച് പ്രശ്ന പരിഹാരം കാണുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി എന്നിവരുടെ നേത്യത്വത്തിൽ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ചയും നടത്തിയിരുന്നു.
അതേസമയം, കോൺഗ്രസിന്റെ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി അറസ്റ്റ് ചെയ്തു. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇനി 60 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്താനുള്ളത്.
ഇതിനിടെ വൈറ്റിലയിൽ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ജോജുവിന്റെ കേസ് സംബന്ധിച്ച തുടർ നടപടികൾ യോഗം ചർച്ച ചെയ്യും.
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധം നടക്കുന്നതിനിടെയാണ് നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകൻ തകർത്തത്. ഗതാഗതക്കുരുക്കിൽപ്പെട്ടെ നടൻ വാഹനത്തിൽ നിന്നിറങ്ങി സമരക്കാരോട് റോഡ് ഉപരോധിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാകുകയും നടന്റെ വാഹനം ആക്രമിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...