Kerala Fire Force : അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങള്‍

അപകട സമയങ്ങളില്‍ തീ മറ്റു മേഖലയിലേക്ക് പടരാതെ സമയബന്ധിതമായി നിയന്ത്രിച്ച് അണയ്ക്കുന്നതിന് വാഹനം ഉപയോഗിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 10:05 PM IST
  • ഓയില്‍ റിഫൈനറി, ഇ-വാഹനം, പെട്രോളുമായി ബന്ധപ്പെട്ട തീപിടുത്തം തുടങ്ങിയവ ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാഹനമാണ് ഡി.സി.പി ടെന്‍ഡര്‍.
  • ഇതില്‍ 2000 കിലോ ഡി.സി.പി പൗഡര്‍ ചാര്‍ജ് ചെയ്തു സൂക്ഷിക്കുന്നു.
  • അപകട സമയങ്ങളില്‍ തീ മറ്റു മേഖലയിലേക്ക് പടരാതെ സമയബന്ധിതമായി നിയന്ത്രിച്ച് അണയ്ക്കുന്നതിന് വാഹനം ഉപയോഗിക്കുന്നു.
Kerala Fire Force : അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങള്‍

നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കല്‍ പൗഡര്‍) ടെന്‍ഡറുകള്‍, മൂന്ന് ട്രൂപ്പ് ക്യാരിയറുകള്‍, 35 ഫസ്റ്റ് റെസ്പോണ്‍സ് വാഹനങ്ങള്‍, 12 ഫയര്‍ ടെന്‍ഡറുകള്‍, 10 സ്‌ക്യൂബ വാനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.

ഓയില്‍ റിഫൈനറി, ഇ-വാഹനം, പെട്രോളുമായി ബന്ധപ്പെട്ട തീപിടുത്തം തുടങ്ങിയവ ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാഹനമാണ് ഡി.സി.പി ടെന്‍ഡര്‍. ഇതില്‍ 2000 കിലോ ഡി.സി.പി പൗഡര്‍ ചാര്‍ജ് ചെയ്തു സൂക്ഷിക്കുന്നു. അപകട സമയങ്ങളില്‍ തീ മറ്റു മേഖലയിലേക്ക് പടരാതെ സമയബന്ധിതമായി നിയന്ത്രിച്ച് അണയ്ക്കുന്നതിന് വാഹനം ഉപയോഗിക്കുന്നു.

അഗ്നി രക്ഷാസേനയുടെ ജീവനാഡിയായ ഫയര്‍ ടെന്‍ഡര്‍ വാഹനത്തില്‍ 4500 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ സാധിക്കും. തീ അപകടം നടന്നാല്‍ വെള്ളമുപയോഗിച്ച് നിയന്ത്രിച്ച് അണയ്ക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ക്രമീകരിച്ചിരിക്കുന്നു.

അപകട സ്ഥലത്തേക്ക് അഗ്നിരക്ഷാ സ്റ്റേഷനില്‍ നിന്ന് ആദ്യം പുറപ്പെടുന്ന വാഹനമാണ് ഫയര്‍ റെസ്പോണ്‍സ് വാഹനം. തിരക്കേറിയ റോഡുകളില്‍ താരതമ്യേന ചെറിയ നിര്‍മിതിയിലുഉള്ള ഇത്തരം വാഹനം ഉപയോഗിക്കുക വഴി അപകട സ്ഥലത്തേക്ക് വളരെ വേഗം എത്തിച്ചേരാന്‍ സാധിക്കും. 1000 ലിറ്റര്‍ വെള്ളം ഉപയോഗിച്ച് തീ പ്രതിരോധിക്കുകയും ഫയര്‍ ടെന്‍ഡര്‍ എത്തുന്നതുവരെ തീയുടെ സംഹാരം നിയന്ത്രിക്കുകയോ അവസാനിപ്പിക്കുകയും ചെയ്യും. റോഡപകടങ്ങളിലും വളരെ പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആധുനിക ഉപകരണങ്ങള്‍ ഇതിലുണ്ട്.

നാലു ചക്രങ്ങളിലും ഡ്രൈവ് ഉള്ള ട്രൂപ്പ് ക്യാരിയര്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവിടങ്ങളിലെ ദുഷ്‌ക്കരമായ റോഡുകളിലൂടെ സഞ്ചരിച്ച് ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരെ അപകടസ്ഥലത്ത് കൊണ്ടുവരുന്നതിനും കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിക്കുന്നതിനും സഹായിക്കുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങള്‍ എത്തിക്കാനും ഇത് പ്രയോജനപ്പെടും.

സ്‌ക്യൂബ വാന്‍ ജലാശയ അപകടങ്ങളില്‍ ആണ് ഉപയോഗിക്കുന്നത്. ഡിങ്കി, ഔട്ട്ബോര്‍ഡ് എന്‍ജിന്‍ എന്നിവ സഹിതമുള്ള വാന്‍ സ്‌ക്യൂബ ടീം അംഗങ്ങള്‍ക്ക് എത്തിച്ചേരുന്നതിനുള്ള വാഹനമാണ്. പ്രളയസമയത്ത് ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളെ രക്ഷിച്ചിരുന്നു. ഫ്ലാഗ് ഓഫ് ചടങ്ങില്‍ അഗ്നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ ബി സന്ധ്യ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News