പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി എന്ന പേരിൽ ഈടാക്കി വരുന്ന ഭീമമായ ഭാരം കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചു .ഇതോടെ പെട്രോളിന് ലിറ്ററിന് 8 രൂപയുടേയും ഡീസലിന് ലിറ്ററിന് 6 രൂപയുടേയും കുറവ് ഉണ്ടാകും. ഇത് കൂടാതെ കേന്ദ്ര നികുതിയും അടിസ്ഥാന വിലയും കൂട്ടിയുള്ള തുകയുടെ ശതമാനക്കണക്കിൽ സംസ്ഥാനങ്ങൾ വിൽപ്പനനികുതി ഈടാക്കുന്നതിനാൽ ഓരോയിടത്തും ആനുപാതികമായി വില വീണ്ടും കുറയും .
കേരളത്തിൽ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വിൽപ്പന നികുതി ഉണ്ട്. അതിനാൽ പെട്രോളിന് കുറച്ച എക്സൈസ് നികുതിയായ 8 രൂപയുടെ 30.08 ശതമാനം കൂടി കേരളത്തിൽ കുറയും. ഡീസലിന് 6 രൂപയുടെ 22.76 ശതമാനവും. അതുകൊണ്ടാണ് കേരളത്തിൽ പെട്രോളിന് 10 രൂപ 41 പൈസയും ഡീസലിന് 7 രൂപ 36 പൈസയും കുറയുന്നത് .
ഇതിനെയാണ് ഞങ്ങളും പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് 1 രൂപ 36 പൈസയും കുറച്ചെന്ന് സംസ്ഥാന സർക്കാർ വീമ്പിളക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് . "കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇത് സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു . ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്. "
ഇതിൽ ആദ്യത്തെ വാചകം സ്വാഗതം ചെയ്യേണ്ടതാണ് .എന്നാൽ അവസാന വാചകം ഇതേക്കുറിച്ച് അറിവില്ലാത്ത കുറേയേറെ ആളുകളെ മണ്ടന്മാരാക്കുന്നതുമാണ്. കേന്ദ്ര നികുതി കുറയുമ്പോൾ സംസ്ഥാന നികുതി ആരും കുറയ്ക്കേണ്ടതില്ല .മുകളിൽ പറഞ്ഞ നികുതി ഘടന പ്രകാരം സ്വയം കുറയും. ഇപ്പോൾ പ്രത്യേകിച്ച് സംസ്ഥാന സർക്കാർ കുറച്ചെന്ന് പറയുന്നതിൽ സത്യസന്ധത ഒട്ടും ഇല്ല. നികുതി കൂടുമ്പോൾ അതിനനുസരിച്ച് സംസ്ഥാന നികുതിയും കൂടും .ആ സമയത്ത് ഞങ്ങൾ നികുതി ഘടന അനുസരിച്ച് ഇത്ര രൂപ കൂട്ടി എന്ന് സംസ്ഥാന സർക്കാർ പറയാറില്ലല്ലോ .
സംസ്ഥാനം ഇനി ചെയ്യേണ്ടതെന്ത്?
ഭീമമായ നികുതിയിൽ കേന്ദ്രം ഒടുവിൽ ഇളവ് നൽകുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന വില ഇപ്പോഴും താങ്ങാവുന്നതിൽ കൂടുതലാണ് .അത്രകണ്ട് അടിസ്ഥാന ഇന്ധന വില കൂടിക്കഴിഞ്ഞു. അപ്പോൾ ഇനി ആശ്വാസം നൽകേണ്ടത് സംസ്ഥാനമാണ് . പെട്രോളിന്റയും ഡീസലിന്റെയും വിൽപ്പനനികുതി കേരളത്തിൽ ഇപ്പോൾ തന്നെ കൂടുതലാണ് .കൂടാതെ സെസും . ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു .ചില സംസ്ഥാനങ്ങൾ വിൽപ്പന നികുതിയുടെ ശതമാനം കുറച്ചപ്പോൾ മറ്റ് ചിലവ ഒറ്റയടിക്ക് ഒരു ലിറ്ററിന് ഇത്ര രൂപ എന്ന രീതിയിൽ കുറച്ചു. പഞ്ചാബ് 16 രൂപ ഒറ്റയടിക്ക് കുറച്ചപ്പോൾ കർണാടകം 13 രൂപയുടെ കുറവ് വരുത്തി . എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
തമിഴ്നാട്ടിൽ വിൽപ്പന നികുതി 22 രൂപ 55 പൈസ ഉള്ള സമയത്ത് കേരളത്തിൽ 26 രൂപ 78 പൈസയാണ് .ഇതിലാണ് 2.41ന്റെ കുറവ് . തമിഴ്നാട്ടിൽ അടിസ്ഥാന വിലയും കേന്ദ്ര നികുതിയും കൂട്ടിയുള്ള വിലയുടെ 13 ശതമാനവും 11 രൂപ 52 പൈസയും ചേർന്നുള്ള തുകയാണ് വിൽപ്പന നികുതി . ഉത്തർപ്രദേശിൽ പെട്രോളിന് 19.36 ശതമാനമേ വിൽപ്പന നികുതിയുള്ളൂ. അതിനാൽ കേരളത്തിലേതിനേക്കാൾ 10 രൂപയുടെ കുറവ് ഒരു ലിറ്റർ പെട്രോളിന് യുപിയിലുണ്ട്.
എന്നാൽ മഹാരാഷ്ട്രയിൽ വ്യത്യസ്തമാണ് . 25 ശതമാനം വിൽപ്പന നികുതിയേ ഉള്ളൂവെങ്കിലും 10 രൂപ അധിക നികുതിയായി ഈടാക്കുന്നു .അതിനാൽ മഹാരാഷ്ട്രയിൽ കേരളത്തേക്കാൾ ഇന്ധന വില കൂടുതലാണ് . ഇന്ധന നികുതിയിൽ നിന്നുള്ള കേന്ദ്ര വിഹിതം കുറവാണെന്ന കാര്യം പറഞ്ഞാണ് സംസ്ഥാന നികുതി കുറയ്ക്കാൻ കേരളം തയാറാകാത്തത് .
ഇത്തവണയും ധനമന്ത്രിയുടെ ആദ്യ പ്രതികരണത്തിൽ നിന്ന് മറിച്ചൊരു തീരുമാനത്തിനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കേണ്ടിവരുന്നു . കഴിഞ്ഞ തവണയും ആനുപാതികമായ കുറവിനെയാണ് സംസ്ഥാനം കുറച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഖ്യാനിച്ചത് . ഈ തൊടുന്യായം ആവർത്തിക്കാതെ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതിയുടെ ശതമാനം കുറയ്ക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...