ആലുവ: 46 ദിവസം മുമ്പ് കാണാതായ 14 കാരന്‍ അമറിനെ കണ്ടെത്തി കേരള പോലീസ്!!
വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമാണ് ഇതോടെ വിരാമമായത്.
ശിശുദിനം ആഘോഷിക്കുന്ന ഇന്ന് തന്നെ അമറിനെ കണ്ടെത്താനായത് ഒരു നിയോഗം പോലെയാണ് മാതാപിതാക്കള്‍ കരുതുന്നത്.
46 ദിവസം മുമ്പ് അമറിനെ കാണാതാവുമ്പോള്‍ കേരള പോലീസിന്‍റെ മുന്‍പില്‍ കേസ് സംബന്ധിച്ച യാതൊരു തുമ്പുമില്ലായിരുന്നു. ആകെ കൈവശം ഉഹാപോഹങ്ങള്‍ മാത്രം. കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭിക്ഷാടന മാഫിയ ആണെന്നുവരെ സംശയം ഉദിച്ചിരുന്നു.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ആദ്യം കേരള പോലീസിനെ സമീപിച്ച മാതാപിതാക്കള്‍ സഹായത്തിനായി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം ആലുവ DYSP ശ്രീ. കെ. എം. ജിജിമോന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും, ഫുട്ബോള്‍ ക്ലബുകള്‍, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ അന്വേഷണ സംഘം കണ്ടെത്തുന്നത്.
കുട്ടി ഫുട്ബോൾ കമ്പക്കാരനാണെന്ന് പിതാവ് നല്‍കിയ സൂചനയാണ് കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിന് ഏറെ സഹായകമായത്.