കൊച്ചി: കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ജൽ ജീവൻ മിഷനിലൂടെ 2024-ഓടെ എല്ലാ വീടുകളിലും ടാപ്പ് വാട്ടർ കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ, ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം ഏകദേശം 20 ദിവസം മുമ്പ് 12 കോടിയിലധികം കുടുംബങ്ങളിൽ കൂടി ടാപ്പ് വാട്ടർ കണക്ഷനുകൾ എത്തിയെന്നും ഇപ്പോൾ ദൗത്യത്തിന്റെ ദേശീയ ശരാശരി 63 ശതമാനത്തിന് മുകളിലാണെന്നും അറിയിച്ചു.
നിർഭാഗ്യവശാൽ വിദ്യാഭ്യാസത്തിനും വിഭവങ്ങൾക്കും പേരുകേട്ട കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് 50% പോലും എത്തിയിട്ടില്ല എന്ന് അറിയിച്ച പ്രഹ്ലാദ് സിംഗ് പട്ടേൽ, ഈ സംരംഭം സാധാരണക്കാർക്ക് വേണ്ടിയുള്ളതിനാൽ ദേശീയ ശരാശരിക്കൊപ്പമെത്താൻ കൂടുതൽ കഠിനമായി പരിശ്രമിക്കണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.
ALSO READ: ദക്ഷിണേന്ത്യ പിടിക്കാൻ മോദി; കന്യാകുമാരിയിലോ കോയമ്പത്തൂരോ മത്സരിച്ചേക്കും?
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഒരു കുടുംബത്തിന് പൈപ്പ് വാട്ടർ കണക്ഷൻ നൽകുന്നതിന് ചെലവ് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരാണ് മികച്ച ഏജൻസിയായതിനാൽ കേന്ദ്ര സർക്കാർ പിന്തുണയ്ക്കാൻ തയ്യാറാണ്. പദ്ധതികളുടെ ഗുണഫലങ്ങൾ ലഭിക്കുന്നതിൽ നിന്നും ഒരു കുടുംബമോ ജില്ലയോ സംസ്ഥാനമോ പിന്നോട്ട് പോകരുത് എന്നതാണ് കേന്ദ്ര സർക്കാരിന്റെ മുദ്രാവാക്യമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ഇന്ന് പാലക്കാട് നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. പാലക്കാട് തിരുമിറ്റക്കോട് ഗ്രാമവാസികളുമായി ആശയവിനിയം നടത്തുകയും ജൽ ജീവൻ മിഷൻ, സ്വച്ച് ഭാരത് മിഷൻ എന്നിവയുടെ പുരോഗതി പരിശോധിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...