സമഗ്ര ഗതാഗതനയം രൂപീകരണം, കേന്ദ്ര നിയമത്തിൽ പലതും കേരളത്തിൽ അപ്രായോഗികം ; മന്ത്രി ആന്റണി രാജു

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന പ്രവേശന നികുതി കുറയ്ക്കുവാന്‍ അയല്‍ സംസ്ഥാനങ്ങളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 06:15 PM IST
  • 2019-ല്‍ വരുത്തിയ ഭേദഗതികളില്‍ പലതും കേരളത്തില്‍ അപ്രായോഗികമാണെന്നും മന്ത്രി
  • കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി
  • ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍‌ക്ക് ദോഷകരമാകാത്ത രീതിയില്‍ ഭേദഗതികളില്‍ നിലപാടെടുക്കും
സമഗ്ര ഗതാഗതനയം രൂപീകരണം, കേന്ദ്ര നിയമത്തിൽ പലതും കേരളത്തിൽ അപ്രായോഗികം ; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഗതാഗത മേഖലയ്ക്കാകമാനം ബാധകമാകുന്ന സമഗ്ര ഗതാഗത നയം രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായും ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ വരുത്തിയ ഭേദഗതികളില്‍ പലതും കേരളത്തില്‍ അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംബന്ധിച്ച് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

2019-ല്‍ വരുത്തിയ ഭേദഗതിയില്‍ അക്രെഡിറ്റഡ് ഡ്രൈവിംങ്ങ് സെന്റേഴ്സ്, ഓട്ടോമാറ്റിക് ടെസ്റ്റിംങ്ങ് സ്റ്റേഷന്‍, അഗ്രിഗേറ്റര്‍ പോളിസി, സ്ക്രാപ്പിംങ്ങ് പോളിസി എന്നിവയില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍‌ക്ക് ദോഷകരമാകാത്ത രീതിയില്‍ ഭേദഗതികളില്‍ നിലപാടെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

പക്ഷേ, നിയമപരമായ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത മേഖല കുത്തകവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരുന്ന തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. മന്ത്രി സഭയിൽ വ്യക്തമാക്കി.

മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലെ പ്രതിലോമ വകുപ്പുകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്  നല്‍കിയ ഉറപ്പ് സര്‍ക്കാരിന്റെ പരിധിയില്‍ നിന്നു കൊണ്ട് പാലിക്കും. സ്പീഡ് ഗവര്‍ണര്‍, ജിപിഎസ്, വാഹനങ്ങളുടെ വിവിധ ഫീസുകളില്‍ വരുത്തിയിട്ടുള്ള വര്‍ദ്ധന എന്നിവ അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യും. പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ ആദ്യം പ്രതികരിച്ചത് കേരളമാണ്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന പ്രവേശന നികുതി കുറയ്ക്കുവാന്‍ അയല്‍ സംസ്ഥാനങ്ങളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ഗതാഗത മേഖലയെ സഹായിക്കുന്നതിനായി കോണ്‍ട്രാക്ട് കാരിയേജുകളുടെയും സ്റ്റേജ് കാരിയേജുകളുടെയും സ്കൂള്‍ ബസുകളുടെയും വാഹന നികുതി ഗണ്യമായി ഇളവു നല്‍കുകയും കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

ചരക്ക് വാഹന വാടക പുതുക്കുവാന്‍ ഫെയര്‍ റിവിഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. തൊഴിലാളികളുടെ വേതനം പരിഷ്കരിക്കുവാന്‍ തൊഴില്‍ വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തും. ഡ്രൈവിംങ്ങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ മോട്ടോര്‍ വാഹന വകുപ്പ് തന്നെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി സഭയിൽ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News