'മൈ സ്‌കൂള്‍ ക്ലിനിക്സുമായി' ഷോപ് ഡോക്; ആദ്യഘട്ടം കേരളത്തിലെയും യുഎഇയിലെയും 100 സ്‌കൂളുകളില്‍

സ്മാര്‍ട് ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിപുലമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ആരോഗ്യ രംഗത്തെ സ്റ്റാര്‍ട് അപ്പായ ഷോപ് ഡോകിന്റെ ലക്ഷ്യം.

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 05:35 PM IST
  • കുട്ടികളെ ആകര്‍ഷിക്കാനാകുന്ന സമീപനമാണ് മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന മൈ സ്‌കൂള്‍ ക്ലിനിക്സിന്റെ പ്രത്യേകത.
  • പ്രൊഫഷണലുകളായ ആരോഗ്യ പ്രവര്‍ത്തകരോട് സംഭാഷണം നടത്തി വ്യക്തിഗത ആരോഗ്യ സംരക്ഷണം നല്‍കാനും മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിന് കഴിയും.
  • യുവതലമുറ ഉള്‍പ്പെടുന്ന വലിയൊരു വിര്‍ച്വല്‍ സമൂഹത്തെ സൃഷ്ടിക്കാനും അവര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസവും ശാക്തീകരണം നല്‍കാനും മൈ സ്‌കൂള്‍ ക്ലിനിക്സിലൂടെ കഴിയും.
'മൈ സ്‌കൂള്‍ ക്ലിനിക്സുമായി' ഷോപ് ഡോക്; ആദ്യഘട്ടം കേരളത്തിലെയും യുഎഇയിലെയും 100 സ്‌കൂളുകളില്‍

വിര്‍ച്വല്‍ സാങ്കേതികതയുടെ സഹായത്തോടെ സ്‌കൂളുകളില്‍ ആരോഗ്യ പ്രതിരോധ - സംരക്ഷണ പ്ലാറ്റ്ഫോം ഒരുക്കി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട് അപ് കമ്പനി. കൊച്ചി, കിന്‍ഫ്ര ഹൈ ടെക് പാര്‍കിലെ കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിലെ സ്റ്റാര്‍ട് അപ് ആയ ഷോപ് ഡോക് ആണ് മൈ സ്‌കൂള്‍ ക്ലിനിക്സ് സംവിധാനമൊരുക്കുന്നത്. മെറ്റാവേഴ്സ് പ്ലാറ്റ്ഫോമില്‍ തയ്യാറാക്കുന്ന 'മൈ സ്‌കൂള്‍ ക്ലിനിക്സ്' ഇന്ത്യയിലെയും യുഎഇയിലെയും നൂറ് സ്‌കൂളുകളില്‍ വീതം പൈലറ്റ് പദ്ധതിയായി നടപ്പാക്കും. സ്മാര്‍ട് ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിപുലമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് ആരോഗ്യ രംഗത്തെ സ്റ്റാര്‍ട് അപ്പായ ഷോപ് ഡോകിന്റെ ലക്ഷ്യം. മൈ സ്‌കൂള്‍ ക്ലിനിക്സ് സേവനം വെബ്സൈറ്റിനൊപ്പം മൊബൈല്‍, മെറ്റാവേഴ്സ് ആപ്ലിക്കേഷനുകളിലും ലഭ്യമാകും. 

ലോകത്ത് ആദ്യമായാണ് മെറ്റവേഴ്സില്‍ സ്‌കൂളുകള്‍ക്ക് ആരോഗ്യ പ്രതിരോധ - വിദ്യാഭ്യാസ സംബന്ധമായ സേവനം ഒരുക്കുന്നത്. ഇതാദ്യമായി ലഭിക്കുന്നത് കേരളത്തിലെ സ്‌കൂളുകള്‍ക്കാണ് എന്നതും ശ്രദ്ധേയം. ഡോക്ടര്‍മാരുടെ സേവനം പ്ലാറ്റ്ഫോം വഴി ലഭ്യമാകും. അതിനപ്പുറം നല്ല ആരോഗ്യ ശീലങ്ങളുള്ള ഒരു പുതുതലമുറയെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ശരിയായ ആരോഗ്യ വിദ്യാഭ്യാസം നല്‍കാനും ഷോപ് ഡോക് നടപ്പാക്കുന്ന മെ സ്‌കൂള്‍ ക്ലിനിക്കിലൂടെ കഴിയും.

ആരോഗ്യ സംരക്ഷണത്തിനായി മെറ്റാവേഴ്സ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ പ്രാഥമിക ആരോഗ്യ ക്ലിനിക് ആണ് മൈ സ്‌കൂള്‍ ക്ലിനിക്സ് എന്ന് ഷോപ് ഡോക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഷിഹാബ് മകനിയില്‍ പറയുന്നു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലെ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് അപ് കോംപ്ലക്സിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. രോഗ പ്രതിരോധവും സംരക്ഷണവും മുന്‍ നിര്‍ത്തി സ്ഥാപിതമായ ഷോപ് ഡോക്, മെറ്റാവേഴ്സ് പ്ലാറ്റ്ഫോമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷിഹാബ് മകനിയില്‍ പറഞ്ഞു. 

രോഗം വന്ന് ചികിത്സ തേടുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന ആശയമാണ് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷോപ് ഡോക് മുന്നോട്ട് വയ്ക്കുന്നത്. പ്രതിരോധ ബോധവത്കരണവും ആരോഗ്യ സംരക്ഷണവും സംബന്ധിച്ച ശരിയായ അവബോധം ജനങ്ങള്‍ക്ക് ലഭ്യമായില്ലെങ്കില്‍ രോഗങ്ങള്‍ പിടികൂടുകയും അംഗവൈകല്യങ്ങളോ രോഗത്തെ തുടര്‍ന്നുള്ള മരണമോ വരെയും സംഭവിക്കാം. നിലവാരമുള്ള പ്രാഥമിക പ്രതിരോധ സംരക്ഷണവും ബോധവത്കരണവും രോഗസാധ്യത കുറയ്ക്കും. ഇതാണ് ഷോപ് ഡോക് നടപ്പാക്കുന്ന മൈ സ്‌കൂള്‍ ക്ലിനിക്സിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രൊജക്ട് ഹെഡ് മെഹ്നാസ് അബൂബക്കര്‍ പറഞ്ഞു. 

മെറ്റാവേഴ്സ്, ബ്ലോക് ചെയിന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികതയിലൂടെ ആരോഗ്യ ബോധവത്കരണം, ബോധവത്കരണം, സംരക്ഷണം തുടങ്ങിയവ നല്‍കുകയാണ് ലക്ഷ്യം. ഇതിനുള്ള ഉപാധിയാണ് പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനായുള്ള മെറ്റാവേഴ്സ് സ്‌കൂള്‍ ക്ലിനിക്കുകള്‍. ബോധവത്കരണം, ആരോഗ്യ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയവയാണ് മെറ്റാവേഴ്സ് സാങ്കേതികതയിലൂടെ ഷോപ് ഡോക് ലഭ്യമാക്കുന്നത്.

പ്രതിരോധ - ആരോഗ്യ സംരക്ഷണ ബോധവത്കരണവും ആരോഗ്യകകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ആദ്യലക്ഷ്യം. അപകട സാധ്യത ഒഴിവാക്കി, ശരിയായതും നിലവാരമുള്ളതുമായ ആരോഗ്യ ശീലങ്ങള്‍ പരിശീലിപ്പിക്കുകയും അതുവഴി ഭാവിയിലെ ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാനുള്ള പ്രാപ്തി നേടുക. പ്രാഥമിക ഉപദേശം നല്‍കുക, തുടര്‍ ചികിത്സകള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയും ഷോപ് ഡോക് ലക്ഷ്യമിടുന്നു. 

Also Read: Health Tips: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!

 

മാനസികാരോഗ്യവും ലൈംഗികാരോഗ്യ ബോധവത്കരണവുമാണ് മറ്റൊരു ലക്ഷ്യം. ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമായ കാലത്ത് ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ പരിശീലനം പദ്ധതി വഴി നല്‍കും. ആശയ വിനിമയ സാധ്യതയുള്ള ആരോഗ്യ സംരക്ഷണ പരിപാടികളും പ്രദര്‍ശനങ്ങളും വിര്‍ച്വലായി സംഘടിപ്പിക്കും. ആരോഗ്യ സംരക്ഷണം പ്രമേയമായി വിര്‍ച്വല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ആരോഗ്യ സംരക്ഷണം സംബന്ധിച്ച അറിവും വിവരങ്ങളും നല്‍കുകയും അതുവഴി കുട്ടികളുടെ ആരോഗ്യ ശാക്തീകരണവുമാണ് മൈ സ്‌കൂള്‍ ക്ലിനിക്സ് വഴിയുള്ള വിര്‍ച്വല്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ഷോപ് ഡോക് മുന്നോട്ട് വയ്ക്കുന്നത്.  

മെറ്റാവേഴ്സ് ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം ആണ് ഷോപ് ഡോക് മെറ്റാവേഴ്സ്. ബ്ലോക് ചെയിന്‍ സാങ്കേതികതയിലൂടെ വികസിപ്പിച്ച സംവിധാനം അനുസരിച്ച് സ്‌കൂളുകള്‍ക്ക് സ്വന്തം ആവശ്യാനുസരണമുള്ള പ്രതിരോധ - ആരോഗ്യ സംരക്ഷണ ക്ലിനിക്കുകള്‍ ആരംഭിക്കാം. ഇതിലൂടെ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണവും ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസവും നല്‍കാനാവും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ക്ലിനിക്കുകള്‍, മാനസിക ആരോഗ്യ ക്ലിനിക്കുകള്‍, ശാരീരിക ക്ഷമതാ ക്ലിനിക്കുകള്‍ തുടങ്ങിയവ വരുംകാലങ്ങളില്‍ മെറ്റാവേഴ്സ് ക്ലിനിക്സ് പ്ലാറ്റ്ഫോമിലൂടെ തയ്യാറാക്കാനാകും.

കുട്ടികളെ ആകര്‍ഷിക്കാനാകുന്ന സമീപനമാണ് മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന മൈ സ്‌കൂള്‍ ക്ലിനിക്സിന്റെ പ്രത്യേകത. പ്രൊഫഷണലുകളായ ആരോഗ്യ പ്രവര്‍ത്തകരോട് സംഭാഷണം നടത്തി വ്യക്തിഗത ആരോഗ്യ സംരക്ഷണം നല്‍കാനും മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിന് കഴിയും. യുവതലമുറ ഉള്‍പ്പെടുന്ന വലിയൊരു വിര്‍ച്വല്‍ സമൂഹത്തെ സൃഷ്ടിക്കാനും അവര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസവും ശാക്തീകരണം നല്‍കാനും മൈ സ്‌കൂള്‍ ക്ലിനിക്സിലൂടെ കഴിയുമെന്നും ഷോപ് ഡോക് ചീഫ് ഇന്‍ഫെര്‍മേഷന്‍ ഓഫീസര്‍ സുല്‍ഫിക്കര്‍ അലി വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണ ക്ലാസുകള്‍, പരിശീലന പരിപാടികള്‍, ചോദ്യോത്തര പരിപാടി, മത്സരങ്ങള്‍ തുടങ്ങിയവ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന ഗെയിമുകള്‍, ദൃശ്യ - ശ്രവ്യ ഉള്ളടക്കങ്ങള്‍ എന്നിവ ഉള്‍പ്പെടും. ലോകത്തെവിടെയിരുന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരോട് വിദഗ്ധ ചികിത്സയ്ക്കായുള്ള ഉപദേശങ്ങള്‍ തേടാനുമാകും. ഇതിനായുള്ള സാങ്കേതിക പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മൈ സ്‌കൂള്‍ ക്ലിനിക്സിലൂടെ നല്‍കും.

ആദ്യ ഘട്ടത്തില്‍ കേരളത്തിലെയും യുഎഇയിലെയും 100 സ്‌കൂളുകളില്‍ വീതമാണ് പദ്ധതി നടപ്പാക്കുന്നത്. 2022 നവംബര്‍ മാസം മുതല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സേവനം ലഭിക്കും. പൈലറ്റ് പദ്ധതിയെന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 100 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരുവര്‍ഷത്തേക്ക് സൗജന്യമായാണ് മൈ സ്‌കൂള്‍ ക്ലിനിക്സിലൂടെ ഷോപ് ഡോക് ലഭ്യമാക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ' പിന്തുണ തേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News