കൂടത്തായി കൊലപാതക പരമ്പര: ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കുമെന്ന് സൂചന. 

Last Updated : Dec 28, 2019, 02:12 PM IST
  • കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും
  • കേസില്‍ ജോളിയെ കൂടാതെ സയനൈഡ് സംഘടിപ്പിച്ചു കൊടുത്ത മാത്യൂ, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍, സിപിഎം പ്രാദേശിക നേതാവ് മനോജ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്
കൂടത്തായി കൊലപാതക പരമ്പര: ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിച്ചേക്കുമെന്ന് സൂചന. 

ജോളി ഉള്‍പ്പെടെ നാലു പേര്‍ പ്രതികളുളള റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് തയ്യാറായിരിക്കുന്നത്. ഇത് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി. സൈമണ്‍ പറഞ്ഞു. 

കേസില്‍ ജോളിയെ കൂടാതെ സയനൈഡ് സംഘടിപ്പിച്ചു കൊടുത്ത മാത്യൂ, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍, സിപിഎം പ്രാദേശിക നേതാവ് മനോജ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ 200 ലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ്. കൊലപാതകത്തില്‍ മാത്യുവിനും പ്രജികുമാറിനും വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിന്‍റെ ഭാഷ്യം. വ്യാജരേഖ ചമച്ചതാണ് മനോജ്കുമാറിനെതിരേ ആരോപിച്ചിരിക്കുന്ന കുറ്റം.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ് വധക്കേസിലെ കുറ്റ പത്രമാണ് അന്വേഷണ സംഘം താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കുക. നിയമ വിദഗ്ധര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍, പരിചയ സമ്ബന്നരായ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിനു ശിക്ഷ ലഭിക്കുന്നതിനുള്ള എല്ലാ തെളിവും സമാഹരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമാനതകളില്ലാത്ത ഈ കേസിന്‍റെ അന്വേഷണവും സമാനതകളില്ലാത്ത രീതിയിലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം ജോളി അഭിഭാഷകനെ കാണാന്‍ പോയിരുന്നതിന്‍റെ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ തന്നെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശ്വാസം. 

ബാക്കി അഞ്ചു കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. 

14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ ആറു പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയിയുടെ മാതാപിതാക്കളായ അന്നമ്മ തോമസ്, ടോം തോമസ്, അമ്മാവന്‍ മാത്യു, ടോം തോമസിന്റെ സഹോദരന്‍ ടോം ജോസിന്‍റെ  കൊച്ചുമകള്‍ ആല്‍ഫിന, മകന്‍ ഷാജുവിന്‍റെ ഭാര്യ സിലി എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.

Trending News