കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പുരോഗമിക്കുന്നു; സമവായത്തിലെത്തുമോയെന്ന് ഇന്നറിയാം

നേരത്തെ ധനവകുപ്പ് അനുവദിച്ച 30 കോടിക്കൊപ്പം 45 കോടി കൂടി ഓവർ ഡ്രാഫ്റ്റായിട്ടെടുത്താണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകിയത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 02:55 PM IST
  • യൂണിയൻ നേതാക്കളുമായുള്ള ചർച്ച ഇപ്പോഴും പുരോഗമിക്കുകയാണ്
  • ശമ്പള പ്രതിസന്ധി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് തൊഴിലാളി സംഘടനകൾ
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പുരോഗമിക്കുന്നു; സമവായത്തിലെത്തുമോയെന്ന് ഇന്നറിയാം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്കിടെ കെഎസ്ആർടിസി ട്രേഡ് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തുന്ന ചർച്ച പുരോഗമിക്കുന്നു. അംഗീകൃത ട്രേഡ് യൂണിയൻ സംഘടനകളായ സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവരുമായി വെവ്വേറെയുള്ള ചർച്ചയാണ് മന്ത്രി നടത്തുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ സിഐടിയു യൂണിയൻ നേതാക്കളുമായുള്ള ചർച്ച ഇപ്പോഴും പുരോഗമിക്കുകയാണ്. സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചയിൽ സംബന്ധിക്കുന്നുണ്ട്. 

ഉച്ചയ്ക്കുശേഷം മൂന്നിന് ടിഡിഎഫ് യൂണിയൻ നേതാക്കളുമായും അതിനുശേഷം ബിഎംഎസ് നേതാക്കളുമായും ചർച്ച നടത്തുന്നുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പളം ലഭ്യമാക്കാൻ മാനേജ്മെൻറ് തയ്യാറാകണമെന്നാണ് യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നത്. മെയ് ആറിന് സൂചന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ധനവകുപ്പ് അനുവദിച്ച 30 കോടിക്കൊപ്പം 45 കോടി കൂടി ഓവർ ഡ്രാഫ്റ്റായിട്ടെടുത്താണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകിയത്. വിഷുദിനത്തിൽ ഉൾപ്പെടെ ഭരണാനുകൂല സംഘടനയായ സിഐടിയു ജീവനക്കാരുടെ ശമ്പള വിഷയത്തിൽ ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

ശമ്പള പ്രതിസന്ധി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയൻ സംഘടനകൾ. മാത്രമല്ല എല്ലാം മാസവും അഞ്ചിനകം ശമ്പളം ലഭ്യമാക്കാൻ കോർപ്പറേഷൻ തയ്യാറാകണമെന്നും ഇവർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതേസമയം, ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്മെൻ്റാണ്  നടപടി സ്വീകരിക്കേണ്ടതെന്നാണ് മന്ത്രി ആൻ്റണി രാജുവിൻ്റെ പക്ഷം. ഇക്കാര്യം അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗതാഗത മന്ത്രിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ധനമന്ത്രിയുമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. 

കഴിഞ്ഞ ദിവസം ട്രേഡ് യൂണിയൻ സംഘടനകളുമായി സിഎംഡി നടത്തിയ ചർച്ചയിൽ സംഘടന ഇതിനെതിരെ കടുത്ത പ്രതിഷേധവും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ മാസം ശമ്പളം കൊടുക്കാൻ സർക്കാരിൻ്റെയും കോർപ്പറേഷൻ്റെയും കയ്യിലുള്ള മുഴുവൻ പണവുമെടുത്തതിനാൽ ശമ്പളം അഞ്ചിനുള്ളിൽ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന കാര്യവും തൊഴിലാളി യൂണിയൻ സംഘടനകളെ പറഞ്ഞു മനസ്സിലാക്കുകയാണ് പ്രധാന ലക്ഷ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News