തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽപെട്ട് ചേതനയറ്റത്തിയ ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന് നാട് ഉള്ളുരുകും വേദനയിൽ അന്ത്യഞ്ജലികളർപ്പിച്ചു. നെടുമ്പാശ്ശേരിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വൈകുന്നേരം നാല് മണിയോടെ നെടുമങ്ങാട് പൂവത്തൂരിലുള്ള അരുൺ ബാബുവിന്റെ ഭാര്യ വീട്ടിലെത്തിച്ചു. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ പ്രിയപ്പെട്ടവളെയും പാറക്കമുറ്റാത്ത മക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാടാകെ സങ്കടക്കടലായി.
പൂവത്തൂരിലെ വീട്ടിൽ പത്തുമിനിട്ടോളം നീണ്ട പൊതുദർശനത്തിൽ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ, ജി. സ്റ്റീഫൻ എംഎൽഎ, നെടുമങ്ങാട് ആർഡിഒ, തഹസീൽദാർ, രാഷ്ട്രീയ പൊതു മണ്ഡലങ്ങളിലെ പ്രമുഖർ, നാട്ടുകാർ, ബന്ധുക്കൾ എന്നിവർ ഇവിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്ന് മൃതദേഹം ഉഴമലക്കൽ കുര്യാതിയിലുള്ള അരുൺ ബാബുവിന്റെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. അരുൺബാബുവിന്റെ അമ്മയും സഹോദരനും താമസിക്കുന്നതിവിടെയാണ്. പത്തു വർഷം മുമ്പ് മരിച്ച പിതാവ് ബാബുവിനെ അടക്കിയതിനു സമീപതായാണ് അരുണിനും അന്ത്യ വിശ്രമമൊരുക്കിയത്.വൈകുന്നേരം അഞ്ച് മണിയോടെ കുര്യത്തിയിലെത്തിച്ച മൃതദേഹം 5.30ഓടെ സംസ്കരിച്ചു.
അരുണിന് അന്ത്യഞ്ജലി അർപ്പിക്കാൻ വലിയ ജനകൂട്ടമാണ് ഇവിടെ ഉണ്ടായിരുന്നത്. സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ അരുണിന് വേണ്ടപ്പെട്ടവർ ഏറെയും ജന്മനാടുകൂടിയായ കുര്യാതിയിൽ എത്തിയിരുന്നു. ജില്ലാ കളക്ടർ, സബ് കളക്ടർ, മുൻ എംഎൽഎമാരായ കെ.എസ്. ശബരീനാഥ്, മാങ്കോട് രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, വിതുര ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് ലളിത തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
കുവൈത്തിൽ എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്ത വാർത്ത അറിഞ്ഞതുമുതൽ ബന്ധുക്കൾ അരുൺ ബാബുവിനെ ഫോണിൽ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഫോൺ ബെല്ലടിക്കുന്നതു മാത്രമല്ലാതെ അപ്പുറത്ത് ആരും അറ്റൻഡ് ചെയ്തില്ല. അരുൺ ബാബു ഉൾപ്പെടെയുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിന് സമീപം ആണ് മാതാവിന്റെ സഹോദരി താമസിച്ചിരുന്നത്.
മണി എക്സ്ചേഞ്ച് കമ്പനിയിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന മാതാവിന്റെ സഹോദരി എം.എസ് ഷീജയാണ് അരുണിനെ കുവൈറ്റിലേക്ക് കൊണ്ട് പോയത്. ഇപ്പോൾ നാട്ടിലുണ്ടായിരുന്ന ഇവർ സുഹൃത്തുക്കളോട് അരുൺ ബാബുവിനെ കുറിച്ച് തിരക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അരുണിന്റെ മരണം സ്ഥിരീകരിച്ചു വിവരമെത്തുന്നത്. മരണ വാർത്ത അറിഞ്ഞതോടെ നാട്ടുകാർ വീട്ടിലേക്ക് ഒഴുകിയെത്തി.
ഇതോടെ വീടും നാടും കണ്ണീർക്കടലായിമാറിയിരുന്നു. അരുൺ ബാബു എൻബിടിസി കമ്പനിയിൽ ഷോപ്പ് അഡ്മിൻ ആയിരുന്നു. നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അരുൺ ബാബു എട്ട് വർഷം ഈ കമ്പനിയിൽ ജോലി ചെയ്തു. കോവിഡ് സമയം നാട്ടിൽ തിരിച്ചെത്തി. പിന്നീട് എട്ട് മാസം മുൻപ് പുതിയ വിസയിലാണ് വീണ്ടും കുവൈത്തിൽ എത്തുന്നത്. മാർച്ചിൽ അവധിക്കായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അരുൺ ബാബു കുവൈത്തിൽ പോകുന്നതിന് മുൻപ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായിരുന്നു.
നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി എത്തുമായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു സുഹൃത്തു വലയത്തിനുടമയുമായിരുന്നു. നഷ്ടപരമ്പരകളുടെ ആഘാതത്തിൽ കൂടിയാണ് അരുണിന്റെ കുടുംബം കടന്ന് പോയിട്ടുള്ളത് .കുടുംബത്തിന്റെ അത്താണിയെ ആണ് അരുൺ ബാബുവിന്റെ മരണത്തിലൂടെ വീട്ടുകാർക്ക് നഷ്ടമാകുന്നത്.
അഞ്ച് വർഷം മുൻപ് പിതാവിനെ നഷ്ടപ്പെടുമ്പോൾ കുടുംബം അരുൺ ബാബുവിന്റെ തണലിലായി. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനിടെ പനി ബാധിച്ച് സഹോദരി അർച്ചന മരിച്ചു. വലിയമ്മയുടെ മകൾ ആതിര മരിച്ചതിന്റെ ഒരു വർഷം ഇന്നലെയായിരുന്നു. ഇതിന് തലേദിവസം ആണ് കുവൈത്തിലെ തീപിടിത്തത്തിൽ അരുൺ ബാബുവും വിടവാങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.