Thiruvananthapuram: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള (Local Body Election) തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും.
ഡിസംബര്‍ 8, 10, 14 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്ക്കരനാണ് തിയതി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ (Covid protocol) കര്‍ശനമായി പാലിച്ചായിരിയ്ക്കും തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
കോവിഡ് (COVID-19) രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും.
ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ നടത്തും. മൂന്നാം ഘട്ടം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളില്‍ നടത്തും.
2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.
941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3,078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Also read: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല, പി സി ജോര്‍ജിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബര്‍ 20ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവാസന തിയതി നവംബര്‍ 23നാണ്.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസബംര്‍ 16ന് നടക്കും.