കേരളത്തില്‍ കണക്കു കൂട്ടലുകളെ തെറ്റിക്കുന്ന മുന്നേറ്റം ബിജെപിയ്ക്ക് ഉണ്ടാകുമോ?

ബി.ജെ.പി കേന്ദ്ര നേത്യത്വത്തിന് സ്വകാര്യ സര്‍വ്വേ ടീം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.  

Last Updated : Apr 13, 2019, 03:44 PM IST
കേരളത്തില്‍ കണക്കു കൂട്ടലുകളെ തെറ്റിക്കുന്ന മുന്നേറ്റം ബിജെപിയ്ക്ക് ഉണ്ടാകുമോ?

കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് എത്ര മണ്ഡലം കിട്ടുമെന്ന സര്‍വ്വെകള്‍ തകര്‍ത്ത് നടക്കുമ്പോഴാണ് ഇപ്പോള്‍ പുതിയ ഒരു റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതായത് കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് രണ്ട് ലോക്സഭ സീറ്റുകള്‍ ലഭിക്കുമെന്നും മറ്റൊന്നിന് സാധ്യത ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി കേന്ദ്ര നേത്യത്വത്തിന് സ്വകാര്യ സര്‍വ്വേ ടീം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ഏതൊക്കെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്ന നിര്‍ദ്ദേശത്തിന്റെ മുന്നോടിയായിരുന്നു ഈ പഠനം.

പഠന റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും വിജയിക്കുമെന്നാണ് കണ്ടെത്തല്‍. ശക്തമായ അടിയൊഴുക്കുകള്‍ ഈ മണ്ഡലത്തില്‍ ദൃശ്യമാണെന്നും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ പ്രവചനാതീതമായ വിജയസാധ്യത ഉള്ളതായി സര്‍വ്വേ ടീം കാണുന്ന മണ്ഡലം തൃശൂരാണ്. ഇവിടെ സുരേഷ് ഗോപിയുടെ നാടിളക്കിയുള്ള പ്രചാരണവും കളക്ടറുടെ നടപടിയും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ കളക്ടറുടെ നടപടി വീണ്ടും കാരണമായതായും അത് തൃശൂരില്‍ മാത്രമല്ല പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഗുണം ചെയ്യുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ മൂന്ന് മണ്ഡലങ്ങളിലേക്കും ലഭിക്കുമെന്നാണ് സൂചന. ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് കൂടുതല്‍ കാര്യക്ഷമമായി ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ കുടുംബ യോഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള വോട്ട് പിടുത്തത്തിലേക്കും ബി.ജെ.പി കടന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് വോട്ട് ബാങ്ക് പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും ഈ മണ്ഡലങ്ങളില്‍ സജീവമാണ്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിലവിലെ സിറ്റിംഗ് എം.പിമാര്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത അതൃപ്തി നില നില്‍ക്കുന്നുണ്ട്.  

തിരുവനന്തപുരത്ത്  ദിവസം കഴിയുംതോറും ശശി തരൂരിനെതിരായ പ്രതിഷേധം കോണ്‍ഗ്രസ്സില്‍ വര്‍ധിക്കുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുന്നതിനെതിരെ ശശി തരൂരിന് നേരിട്ട് ഹൈക്കമാന്റിന് പരാതി നല്‍കേണ്ട സാഹചര്യവുമുണ്ടായി. ഇത്തവണ ഇടതുപക്ഷം പരമാവധി വോട്ട് പിടിക്കും എന്നത് തരൂരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ്.

മാത്രമല്ല പത്തനംതിട്ടയില്‍ ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നായത് ബി.ജെ.പിക്ക് നേട്ടമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ശബരിമല വിഷയം ശക്തമായ പ്രചരണമാകുന്ന മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഇതിനകം തന്നെ ഒരു ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ട്.

ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ഭയക്കുന്നത് പാളയത്തിലെ പാരവയ്പിനെ തന്നെയാണ്. ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്.

കണക്കുകള്‍ക്കും മീതെ ഒരു അട്ടിമറിയാണ് ഇവിടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. എന്തായാലും കേരളത്തിലെ ബിജെപിയുടെ അവസ്ഥ എന്താകും എന്ന്ന മുക്ക് മെയ്‌ 23 ന് അറിയാം. പഠനങ്ങള്‍ പഠനത്തില്‍ മാത്രമോതുങ്ങുവോ അതോ നടപ്പാകുമോയെന്ന് കാത്തിരുന്നു കാണാം.

Trending News