മധുവിന്‍റെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാനാതുറകളില്‍നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

Last Updated : Feb 23, 2018, 03:02 PM IST
മധുവിന്‍റെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാനാതുറകളില്‍നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

ഈ സംഭവത്തില്‍ പാലക്കാട് ജില്ലാ കളക്ടറോടും എസ്.പിയോടും കമ്മിഷന്‍ വിശദീകരണം തേടി. കൂടാതെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കടുകുമണ്ണ ഊരുവാസിയായിരുന്നു 27 വയസ്സുകാരനായ മധു. മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറുകയും ചെയ്തത്. 

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നു. 

വനത്തില്‍ 10 കിലോമീറ്റര്‍ ഉള്ളിലേക്കു മാറി ഗുഹയില്‍ ഒറ്റയ്ക്കാണ് മധു താമസിച്ചിരുന്നത്. കൈയിലെ ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്ന് വിശക്കുമ്പോള്‍ മാത്രമാണ് മധു കാടിറങ്ങാറ്. നാട്ടുകാര്‍ പിടികൂടുമ്പോള്‍ കൈയില്‍ അരി മാത്രമെ ഉണ്ടായിരുന്നുള്ളൂ.

അതേസമയം, അട്ടപ്പാടിയില്‍ നാട്ടുകാരുടെ മാര്‍ദ്ദനത്തെതുടര്‍ന്ന് ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രി ഡിജിപിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടും. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാത്ത തരത്തില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 

നാളെ മധുവിന്‍റെ വീട് സന്ദര്‍ശിക്കുമെന്നും കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Trending News