ന്യൂ ഡൽഹി: മലയാളം വാർത്ത ചാനൽ മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് പഴയ പോലെ തന്നെ സംപ്രേഷണം തുടരാമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രഹസ്യ ഫയലിലെ വിവരങ്ങൾ മീഡിയവണ്ണിന് നൽകാനും കോടതി നിർദേശം നൽകി. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നേരത്തെ സംസ്ഥാന ഹൈക്കോടതി ഡിവിഷൻ സ്റ്റേക്കെതിരെ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. അതിനെതിരെ മലയാളം ചാനൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജനുവരി 31നാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കുകൊണ്ട് ഉത്തരവിറക്കുന്നത്. രാജ്യസുരക്ഷകാരണങ്ങൾ മുൻനിർത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നാണ് കേന്ദ്രം മലയാളം വാർത്ത ചാനലിനെ വിലക്കികൊണ്ട് ഉത്തരവിറക്കുന്നത്.
കേന്ദ്ര നടപടിക്കെതിരെ മീഡിയ വണ്ണിന്റെ മാതൃസ്ഥാപനമായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപച്ചിരുന്നു. കേന്ദ്ര നടപടി ആദ്യം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് പിന്നീട് ശരിവെക്കുകയായിരുന്നു. സിംഗിൾ ബഞ്ച് നടപടിക്കെതിരെ മാധ്യമ സ്ഥാപനം ഡിവിഷൻ ബഞ്ചിനെ സമീപക്കുകയും പക്ഷെ മാർച്ച് രണ്ടിന് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.