Amoebic Meningoencephalitis: 'മിൽറ്റിഫോസിൻ' ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രി

3.19 ലക്ഷം രൂപ വിലവരുന്ന മിൽറ്റിഫോസിൻ മരുന്നുകളുടെ ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണ ജോർജ് ഏറ്റുവാങ്ങി. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും.  

Written by - Zee Malayalam News Desk | Last Updated : Jul 29, 2024, 07:55 PM IST
  • കേരളത്തിൽ ആറാമത്തെ അമീബിക് മസ്തിഷ്കജ്വര കേസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോ​ഗ്യ വകുപ്പ് ഡോ. ഷംഷീറിന്റെ സഹായം തേടിയത്.
  • കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 3 കുട്ടികളാണ് ഈ രോ​ഗം ബാധിച്ച് മരിച്ചത്.
Amoebic Meningoencephalitis: 'മിൽറ്റിഫോസിൻ' ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് സംസ്ഥാനത്തെത്തിച്ചു. ജർമ്മനിയിൽ നിന്നും മിൽറ്റിഫോസിൻ എന്ന മരുന്നാണ് എത്തിച്ചത്. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മരുന്ന് സൗജന്യമായി എത്തിച്ചുനൽകിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്സൂളുകൾ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഏറ്റുവാങ്ങി. നിലവിലെ സാഹചര്യം നേരിടുന്നതിനായ വരും ദിവസങ്ങളിൽ കൂടുതൽ മരുന്നുകൾ എത്തിക്കും.

കേരളത്തിൽ ആറാമത്തെ അമീബിക് മസ്തിഷ്കജ്വര കേസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോ​ഗ്യ വകുപ്പ് ഡോ. ഷംഷീറിന്റെ സഹായം തേടിയത്. കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 3 കുട്ടികളാണ് ഈ രോ​ഗം ബാധിച്ച് മരിച്ചത്. എന്നാൽ മരുന്നിന്റെ സഹായത്തോടെ 14 വയസ്സുകാരനായ അഫ്‌നാൻ 97% മരണനിരക്കുള്ള ഈ രോഗത്തെ അതിജീവിച്ചു. മരുന്നെത്തിച്ച് നൽകിയ ഡോ. ഷംഷീര്‍ വയലിലിന് മന്ത്രി നന്ദിയറിയിച്ചു. 

വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. എല്ലാ എന്‍സെഫലൈറ്റിസുകളും പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ സപ്ലൈയിലുള്ള മരുന്നാണിതെങ്കിലും അതിന്റെ വിതരണം കേരളത്തിൽ ഇല്ല. വളരെ അപൂര്‍വമായിട്ടുള്ള മരുന്നാണിത്. ഇവിടെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read: Human Rights Commission: സിനിമ ഷൂട്ടിംഗിനിടെയുണ്ടായ അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

 

മിൽറ്റിഫോസിൻ: മാരക രോഗത്തിനെതിരായ പോരാട്ടത്തിലെ ജീവൻരക്ഷാ മരുന്ന്

അമീബിക് മസ്തിഷ്കജ്വര കേസുകൾ ചികിത്സിക്കാൻ യുഎസ് സെന്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) 2013 മുതൽ ശുപാർശ ചെയ്യുന്ന മരുന്നാണ് മിൽറ്റിഫോസിൻ. മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബ നെഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവവും അത്യന്തം മാരകവുമായ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) ചികിത്സിക്കാൻ ഈ മരുന്ന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഇംപാവിഡോ എന്ന പേരിലാണ് മരുന്നിന്റെ വിപണനം.

ആന്റിമൈക്രോബിയൽ മരുന്നാണ് ഇത്. 1980-കളിൽ കാൻസർ ചികിത്സയ്ക്കായാണ് ഈ മരുന്ന് ആദ്യം വികസിപ്പിച്ചിരുന്നത്.  പിന്നീട് ലീഷ്മാനിയാസിസിനുമുള്ള ചികിത്സാ ഉപാധിയായി. ഗ്രാനുലോമാറ്റോസ് അമീബിക് എൻസിഫിലൈറ്റിസ് അടക്കമുള്ള അമീബ അണുബാധയ്‌ക്കെതിരെയും മിൽറ്റിഫോസിൻ ഉപയോ​ഗിക്കുന്നു.

നെഗ്ലേരിയ ഫൗളറി തലച്ചോറിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാൻ മിൽറ്റിഫോസിന് കഴിയും. ഇതിന്റെ  പ്രവർത്തനത്തിന്റെ കൃത്യമായ രീതി പൂർണ്ണമായി മനസിലാക്കിയിട്ടില്ലെങ്കിലും, രക്ത-മസ്തിഷ്ക തടസ്സം നേരിടാനും മസ്തിഷ്ക കോശങ്ങളിൽ കേന്ദ്രീകരിക്കാനും മിൽറ്റിഫോസിന് കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. പിഎഎം പോലുള്ള മസ്തിഷ്ക അണുബാധകൾക്കെതിരെ ഇത് വളരെ ഫലപ്രദമാണ്.
 
അതേസമയം മിൽറ്റിഫോസിൻ ലഭ്യത ഉറപ്പാക്കുന്നത് ഇനിയും കേസുകൾ വന്നാൽ അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കേരളത്തെ സഹായിക്കും. രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ബന്ധുക്കൾ മരുന്ന് എത്തിയതിന്റെ ആശ്വാസത്തിലാണ്‌. വിപിഎസ് ഹെൽത്ത് കെയർ ഇന്ത്യാ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ എം.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് മരുന്നിന്റെ ആദ്യ ബാച്ച് ആരോഗ്യ മന്ത്രിക്ക് കൈമാറിയത്.

നിർണ്ണായക ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെയും രോഗ ബാധിതരെയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, ഡോ. ഷംഷീർ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് എത്രയും വേഗം കൂടുതൽ മരുന്നുകൾ ലഭ്യമാക്കാൻ സജീവമായി പ്രവർത്തിക്കുകയാണെന്നും ഹാഫിസ് അലി പറഞ്ഞു. 2018-ൽ കേരത്തിന്റെ നിപ വൈറസിനെതിരായ പോരാട്ടത്തിലും ഡോ. ഷംഷീർ ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു. മാരകമായ അണുബാധയെ ചെറുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് സഹായമായി 1.75 കോടി രൂപയുടെ അടിയന്തര ആരോഗ്യ സംരക്ഷണ സാമഗ്രികളാണ് അന്ന് സംഭാവന ചെയ്തിരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News