തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ ഹെല്‍മറ്റുകള്‍ സൂക്ഷിക്കുന്നതിനു വേണ്ടി സ്‌കൂളുകളില്‍ സൗകര്യമൊരുക്കുമെന്നും. എഐ ക്യാമറയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു ബൈക്കില്‍ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകുന്നത് അനുവദിക്കാന്‍ സാധിക്കില്ല.
കേന്ദ്രനിയമപ്രകാരം നാലുവയസിന് മുകളിലുള്ള കുട്ടികളെ പൂര്‍ണ യാത്രികരായാണ് പരിഗണിക്കുന്നത്. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കാന്‍ സാധിക്കും. നിലവിലെ സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ വിദ്യാര്‍ഥികളെ മാത്രമേ കയറ്റാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് നടപ്പിലാക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ പറ്റില്ല. കേന്ദ്രനിയമത്തില്‍ ഇളവ് ചെയ്യാന്‍ പരിമിതി ഉണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മേയ് 10ന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ: അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത
ഗതാഗത ലംഘനം നിയന്ത്രിക്കാനും റോഡിലെ അപകടം കുറയ്ക്കാനുമാണ് എഐ ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇരുചക്രവാഹനമുള്ള ദമ്പതിമാര്‍ യാത്രയില്‍ കുട്ടികളെ ഒഴിവാക്കേണ്ടിവരുമെന്നത് വലിയ വിമര്‍ശനമാണ് ഉണ്ടാക്കുന്നത്. ഈ വിഷയത്തില്‍ പുനപരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് നേരിട്ടൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ിയമത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനുവേണ്ടി ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്‌ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയപ്രകാരം ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ നിര്‍വ്വാഹമുള്ളു. പിഴ ഒഴിവാക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം എഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. പദ്ധതിയുടെ മൊത്തം ചിലവായി പറയുന്നത് 232 കോടിയാണ്. എന്നാല്‍ ഇതു സംബന്ധിച്ച യാതൊരു രേഖകളും ഇതുവരെ സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എഐ ക്യാമറ രണ്ടാം ലാവ്‌ലിന്‍ ആണെന്നാണ് വി ഡി സതീശന്റെ ആരോപണം.
മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എ.ഐ ക്യാമറകള്‍ ലഭ്യമാകുമ്പോള്‍ ഇത്തരത്തില്‍ ഉയര്‍ന്ന ചിലവില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും പറയുന്നു. ഇതിനു പുറമേ കെല്‍ട്രോണിനെതിരെയും വലിയ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഒരു പൊതുമേഖല സ്ഥാപനമെന്ന തരത്തിലല്ല കമ്പനിയുടെ ഇടപാടുകള്‍ എന്നാണ് അതില്‍ പ്രധാനം. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണ്‍സള്‍ട്ടന്റായി തിരെഞ്ഞെടുത്ത കെല്‍ട്രോണ്‍ പിന്നീട് കരാര്‍ കമ്പനികളെ തിരെഞ്ഞെടുക്കുന്നതും, മെയിന്റനന്‍സ് അടക്കമുള്ള ജോലികള്‍ അധികമായി നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ധനവകുപ്പിന്റെ എതിര്‍പ്പുകളെ പോലും മറികടന്നുകൊണ്ട് കെല്‍ട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏല്പിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy