തിരുവനന്തപുരം: ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ. ഡോ. അകിരാ മിയാവാക്കിയുടെ 92ാം ജൻമദിനമായ ജനുവരി 29ന് തലസ്ഥാനത്ത് മിയാവാക്കി കാടുകൾ ഒരുക്കുന്നു. ലോകത്ത് ജൈവവൈവിധ്യം നിലനിർത്തുന്നതിന് വേണ്ടി മിയാവാക്കി കാടുകൾ ഒരുക്കി ലോക ശ്രദ്ധേയനായ വ്യക്തിയാണ് അകിരാ മിയാവാക്കി.
കേരള ഡവലപ്പ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺലിന്‍റെ നേതൃത്വത്തിൽ ചാല സ്കൂളിൽ രാവിലെ 10.30 മണിക്കാണ് കാടൊരുക്കുന്നത്.
മരങ്ങളും, കാടുകളും ഇല്ലാതായി മനുഷ്യന്‍റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിയുന്ന ഇന്നത്തെ അവസ്ഥയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വേണ്ടിയാണ് മിയാവാക്കി കാടുകളുടെ ആവശ്യകത ഉയർന്ന് വന്നത്. അതിന്‍റെ ആവശ്യം മനസിലാക്കിയാണ് കേരള ഡവലപ്പ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺലിന് വേണ്ടി കൾച്ചർ ഷോപ്പി, NGGFn - നേച്ചേഴ്സ് ഗ്രീൻ ഗാഡിയൻ ഫൌണ്ടേഷൻ എന്നിവരുടെ നേതൃത്വത്തിൽ പ്രോജക്ട് നടപ്പിലാക്കുന്നത്.
ചാല സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മിയാവാക്കി കാടുകളുടെ രാജ്യാന്തര പ്രചാകരും, മിയാവാക്കിയുടെ ശിഷ്യരുമായ യോക്കോഹമ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. കസ്യൂ ഫുജിവാരാ, അമേരിക്കയിലെ ജോർജിയ യൂണിവേഴ്സ്റ്റിയിലെ പ്രൊഫ. ഡോ. എൾജീൻ ബോക്സ് തുടങ്ങിയവും പങ്കെടുക്കും.
പ്രകൃതി നശീകരണം കാരണം താളംതെറ്റിയ പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മിയാവാക്കി കാടുകൾ വെച്ച് പിടിപ്പിക്കുന്നത്, പബ്ലിക്കായും, പ്രൈവറ്റായും കേരളത്തിൽ വെച്ച് പിടിപ്പിക്കുന്ന ഇരുപതാമത്തെ മിയാവാക്കി വനമാണ് തിരുവനന്തപുരം ചാല സ്കൂളിൽ നടുന്നത്.
10 സെന്റ് സ്ഥലത്ത് ഏകദേശം 1600 ഓളം ചെടികളാണ് നട്ടുപിടിപ്പിക്കുക. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടു വളർത്തണമെന്നതാണ് മിയാവാക്കിയ രീതിയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. എന്നാൽ ഇവിടെ പത്ത് ശതമാനം അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായാണ് അങ്ങനെ ചെയ്തിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ ജൈവ മിശ്രിതത്തിലാണ് ഇവ നട്ടു പിടിപ്പിച്ചിരിക്കുക. പിന്നീട് വളപ്രയോഗങ്ങൾ ഒന്നും നടത്തില്ല, ഒരു തരത്തിലുമുള്ള കീടനാശിനികളും ഉപയോഗിക്കാറുമില്ല.
ഈ മാതൃകയിൽ വികസിപ്പിച്ചെടുത്ത കനകക്കുന്നിലെ മിയാവാക്കി കാടുകൾ മികച്ച മാതൃകയായതോടെയാണ് തലസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കാടുകൾ വെച്ച് പിടിപ്പിക്കാൻ തീരുമാനിച്ചത്.