കോഴിക്കോട്: എകരൂലിൽ ഗർഭസ്ഥശിശുവിന് പിന്നാലെ അമ്മയും മരിച്ചു. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എകരൂൽ ഉണ്ണിക്കുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭസ്ഥ ശിശു മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി അശ്വതിയെ ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രസവ വേദന ഉണ്ടാകാത്തതിനെ തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്ന് നൽകി. ബുധനാഴ്ച ഉച്ചയോടെ വേദന ഉണ്ടായെങ്കിലും പ്രസവം നടന്നില്ല. അശ്വതിയും ബന്ധുക്കളും സിസേറിയൻ നടത്താമെന്ന് ആവശ്യപ്പെട്ടെങ്കിലും സാധാരണ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതാണ് കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ അനുമതി നൽകി ഗർഭപാത്രം നീക്കം ചെയ്തു.
ALSO READ: ഇടുക്കിയിൽ തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരു മരണം
എന്നാൽ, ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞും അമ്മയും മരിക്കാൻ കാരണമെന്ന് കാണിച്ച് ബന്ധുക്കൾ അത്തോളി പോലീസിൽ പരാതി നൽകി. അശ്വതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.
കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. കുട്ടിയെ സംസ്കരിച്ചു. അതേസമയം, കുഞ്ഞിന് 37 ആഴ്ച ആയിരുന്നുവെന്നും രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. പിന്നീട് രക്തസമ്മർദ്ദം സാധാരണ നിലയിലായി. നോർമൽ പ്രസവത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സിസേറിയനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുകയായിരുന്നു. വയറ് തുറന്നപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ഗർഭപാത്രം തകർന്നിരുന്നു. അശ്വതിക്ക് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയുണ്ടായതിനെ തുടർന്നാണ് ഗർഭപാത്രം നീക്കം ചെയ്തതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. എഗ്മോ സംവിധാം ആവശ്യം ഉള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും അധികൃതർ വിശദീകരണത്തിൽ പറയുന്നു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.