മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.  

Last Updated : Aug 15, 2018, 06:05 AM IST
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും

തിരുവനന്തപുരം: ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്‍ത്തിയത്. 4490 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മുൻകരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും. അതേ സമയം വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുകയാണ്. പുലര്‍ച്ച നാലിന്‌ 140.25 അടിയിലേക്കെത്തിയിട്ടുണ്ട് ജലനിരപ്പ്.

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കുന്നത്.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലര്‍ച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാതുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയരും.

മുൻകരുതലിന്‍റെ ഭാഗമായി മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചു. സര്‍ക്കാരിന്‍റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Trending News