ആലപ്പുഴ: ആദ്യമായി നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപ്പുരം ചുണ്ടൻ. ആവേശം നിറഞ്ഞ മത്സരത്തിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടർച്ചയായ നാലാം കിരീടം ആയിരുന്നു. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കെടിബിസിയാണ് ചമ്പക്കുളം ചുണ്ടൻ തുഴഞ്ഞത്. മൂന്നാം സ്ഥാനം യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനും നാലാം സ്ഥാനം കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിലിനുമാണ് ലഭിച്ചത്.
വള്ളങ്ങളുടെ ഫിനിഷിങ് സമയം ഇങ്ങനെ:
വീയപുരം ചുണ്ടൻ: 4.21.22 സെക്കൻഡ്
ചമ്പക്കുളം ചുണ്ടൻ: 4.21.28
നടുഭാഗം ചുണ്ടൻ: 4.22.22
കാട്ടിൽതെക്കേതിൽ: 4.22.63
ഹീറ്റ്സ് മൽസരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് വീയപ്പുരം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാട്ടിൽ തെക്കെതിൽ എന്നിവ. നാല് വള്ളങ്ങളും ഫൈനലിൽ എത്തിയപ്പോൾ ആവേശം നിറഞ്ഞ മത്സരമാണ് കാഴ്ചവെച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ, ആദ്യ ഹീറ്റ്സിൽ ഒന്നാമതെത്തിയത് വീയപുരം ചുണ്ടനാണ്. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിലും നാലാം ഹീറ്റ്സിൽ തലവടിയും, അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരായിരുന്നു ഒന്നാമതെത്തിയത്.
മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനച്ചടങ്ങുകൾക്ക് എത്തിച്ചേരാനായിരുന്നില്ല. ശക്തമായ മഴയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് തുടക്കമിട്ട് പതാക ഉയർത്തിയത്. ഇക്കുറി 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 72 വള്ളങ്ങളാണ് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മത്സരിച്ചത്. ഒരു മാസത്തെ കഠിന പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി ഇറങ്ങിയത്.
വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്നും ആളുകൾക്ക് തിരികെ പോകുന്നതിനായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വള്ളം കളികാണാൻ ഇത്തവണ ഭിന്നശേഷിക്കാരായ 50 പേർക്ക് സൗകര്യം ഒരുക്കിയിരുന്നു. ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള അന്തേവാസികൾക്കും വള്ളം കളികാണാൻ അവസരം ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...