നിപാ വൈറസ്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

  

Last Updated : May 28, 2018, 04:21 PM IST
നിപാ വൈറസ്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപാ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. സ്കൂളുകള്‍, കോളേജുകള്‍, മറ്റു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. 

നിപാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 
 
നിപാ പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞെന്ന് യോഗം വിലയിരുത്തി‍. പുതിയ കേസുകൾ ഇപ്പോള്‍ വരുന്നില്ലെന്നും നേരത്തെ രോഗം വന്നു മരിച്ചവരുമായി ബന്ധമുള്ളവരെല്ലാം ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വിശദീകരിച്ചു.

വൈറസ് ബാധയ്ക്ക് രണ്ടാം ഘട്ടം ഉണ്ടാവുകയാണെങ്കിൽ അതിനെ നേരിടാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ഐസലേഷൻ വാർഡുകൾ സജ്ജമാക്കും. വൈറസ് ബാധ കണ്ടെത്തെന്നുവരുമായി ബന്ധമുള്ളവർക്ക് നേരിട്ട് കാര്യം അറിയിക്കാനുള്ള സംവിധാനം ഒരുക്കും. 

നിപാ ബാധിതര്‍ക്കുള്ള ഐസലേഷൻ വാർഡിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. അടുത്ത മാസം 10 വരെ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം തുടരും. ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ള പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലത്ത് രോഗിയുമായി ബന്ധമുള്ളവർ പോകാൻ പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു. നിപാ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സ്ഥിരം ഐസോലേഷൻ വാർഡ് ഉണ്ടാക്കാനും വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍കരണം നടത്താനും യോഗം തീരുമാനിച്ചു. 

Trending News