തൃശൂർ: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് നഴ്സുമാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തീരുമാനം. നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
സമരം മാറ്റിവച്ചാൽ സർക്കാർ നഴ്സുമാരുമായി ഉടൻ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്സസ് അസോസിയേഷൻ പ്രതിനിധികളെ അറിയിച്ചിരുന്നു. നഴ്സുമാർ സമരം അവസാനിപ്പിച്ച് ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇന്നു പറഞ്ഞിരുന്നു. വേതന വ്യവസ്ഥകളെപ്പറ്റി ജോലിക്കു കയറിയശേഷം ചർച്ച ചെയ്യാം. എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സമരം ഒത്തുതീർപ്പാക്കാൻ ഇടപെടാമെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. മധ്യസ്ഥത ചർച്ചകൾക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരുമെന്നും അറിയിച്ചു.
അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാർ സമരം നടത്തി വരുന്നത്.