അഗസ്ത്യമല നിരകളിൽ നിന്ന് ഉത്രാടം - പൂരാടം നാളുകളിലാണ് കാണിക്കാർ തിരുവിതാകൂർ രാജാവിന് കാണിക്കയുമായി എത്തുന്നത്. രാജഭരണം പോയി ജനാധിപത്യം വന്നിട്ടും ഒരിക്കൽ പോലും മുടങ്ങാതെ ഈ ആചാരം തുടർന്ന് വരികെയാണ് കേരളത്തിലെ ആദിവാസികളിൽ പ്രധാനപ്പെട്ട കാണിക്കാർ. കാട്ടിൽ നിന്ന് തന്നെ ലഭിക്കുന്ന വസ്തുക്കളും, തങ്ങളുടെ വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുമാണ് കാണിക്കാർ രാജാവിന് മുന്നിൽ കാണിക്കയായി വെക്കുന്നത്. ഇതിന് വേണ്ടി അത്തം മുതൽ തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യും. കാണിക്കാർ കാണിക്ക അർപ്പിച്ചതിന് ശേഷം മാത്രമാണ് തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഓണാഘോഷങ്ങൾ ആരംഭിക്കുകയുള്ളൂ.
കാണിക്കാർ കൊട്ടാരത്തിൽ എത്തുന്നതിന് പിന്നിലെ ചരിത്രം
തിരുവിതാംകൂർ മാഹാരാജാക്കന്മാർ ഭാരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ആരംഭിച്ച സമ്പ്രദായമാണിത്. രാജാക്കന്മാർക്ക് കാണിക്ക അർപ്പിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇവർക്ക് കാണിക്കാർ എന്ന് പേര് വന്നതെന്നും ചിലർ പറയാറുണ്ട്. ഇങ്ങനെ വർഷാവർഷം കാണിക്ക അർപ്പിക്കുന്നതിന് പകരം കാടിന്റെ ഭരണം രാജാവ് ഇവർക്ക് നൽകുമെന്നും കാട് പരിപാലിക്കുന്നതും, കൊള്ളക്കാരെ തടയുന്നതും ഉൾപ്പടെ നിരവധി ഉത്തരവാദിത്വങ്ങൾ ഇവർക്ക് നൽകുകയും ഒപ്പം ഇവരുടെ സംരക്ഷണം രാജകുടുംബം ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
ALSO READ: Onam 2022 : ഓണാഘോഷം ആരംഭിച്ചത് മന്ഥ രാജാവോ? ഐതിഹ്യമറിയാം
കൂടാതെ കാണിക്കയുമായി ഇവർ എത്തുമ്പോൾ ഇവർക്കുള്ള ഓണസമ്മാനങ്ങളും, കോടിയും, പണവും രാജാക്കന്മാർ ഇവർക്ക് നൽകും. കാട്ടിലെ വിഭവങ്ങൾക്കൊപ്പം കട്ടിൽ നിന്ന് പിരിക്കുന്ന കരവും ഈ ദിവസം രാജാവിന് നൽകും. വേണാട് രാജവംശത്തിന്റെ ഭരണത്തിന് ശേഷം തിരുവിതാകൂർ രാജവംശം ഭരണത്തിൽ എത്തിയപ്പോഴും ഈ ആചാരം ഇവർ തുടർന്നു. എന്നാൽ എട്ടുവീട്ടില്‍പിള്ളമാരില്‍ നിന്നും ഒളിച്ച് കഴിയാൻ മാർത്താണ്ഡ വർമ്മ മഹാരാജാവിന് വേണ്ട എല്ലാ സൗകര്യങ്ങളും കാണിക്കാർ നൽകിയതോടെയാണ് കാണിക്കാരും തിരുവിതാംകൂർ രാജകുടുംബവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത്. ഇതിന് പിന്നാലെ തിരുവിതാംകൂർ രാജകുടുംബം കാണിക്കാർ കൂടുതൽ അവകാശങ്ങളും അധികാരങ്ങളും കല്പിച്ച് അനുവദിക്കുകയും ചെയ്തിരുന്നു. ആദ്യം പത്മനാഭപുരം കൊട്ടാരത്തിലായിരുന്നു കാണിക്ക അർപ്പിച്ചിരുന്നത്. പിന്നീട് കൊട്ടാരം സർക്കാർ ഏറ്റെടുത്തതിന് ശേഷം കവടിയാർ കൊട്ടാരത്തിലാണ് കാണിക്ക അർപ്പിക്കാൻ എത്തുന്നത്.
കാണിക്കയായി അർപ്പിക്കുന്നത് എന്തൊക്കെ?
കാട്ടുതേനും നെല്ലിക്കയും തിനയും തിനമാവും ചേനയും ചേമ്പും തുടങ്ങി കാട്ടിൽ നിന്ന് ലഭിക്കുന്നതെന്തും കാണിക്കാർ കാണിക്കയായി അർപ്പിക്കും. ഇവർ കാട് വെട്ടിതെളിച്ച് കൃഷി ചെയ്യുന്ന കരനെല്ല് ഇവർ കാണിക്ക വെക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനായി മാസങ്ങളോളം വനത്തിൽ അലഞ്ഞ് ഇവർ തേൻ ശേഖരിക്കാറുണ്ട്. ഇതിന് മുമ്പ് കാട്ടിൽ നിന്ന് ശേഖരിക്കുന്ന കാട്ടിറച്ചിയും ഇവർ കൊണ്ടുവന്നിരുന്നു. വേട്ടയാടൽ നിരോധിച്ചതിന് ശേഷമാണ് ഇത് അവസാനിച്ചത്. കാട്ടുമൂപ്പന്റെ നേതൃത്വത്തിലാണ് ഇവർ കാടിറങ്ങുന്നത്. കാടിറങ്ങുന്ന കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഒക്കെ ഉണ്ടാകാറുണ്ട്. പണ്ട് കിലോമീറ്ററുകളോളം നടന്നാണ് ഇവർ മഹാരാജാവിനെ കാണാൻ എത്തിയിരുന്നത്.
കൊട്ടാരത്തിലെത്തിയാലുള്ള ആചാരങ്ങൾ എന്തൊക്കെ?
കൊട്ടാരത്തിൽ എത്തി കാണിക്ക അർപ്പിക്കുന്നവർ അവർ നേരിടുന്ന പ്രശ്‌നങ്ങൾ എല്ലാം തന്നെ രാജാവിനെ അറിയിക്കും. ഇതിന് പരിഹാരം നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്യും. തുടർന്ന് ഇവർ രാജാക്കന്മാർക്കായി ഓണപ്പാട്ടുകൾ ആലപിക്കും. ഇതിന് ശേഷമാണ് ഇവർ മടങ്ങാൻ ഒരുങ്ങുന്നത്. ഇവർ മടങ്ങുമ്പോൾ ഇവർക്ക് ഓണത്തിന് വേണ്ടതൊക്കെയും പണവും വസ്ത്രവും രാജാക്കന്മാർ നൽകും. അടുത്ത വർഷത്തിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും രാജാവിനോട് ആവശ്യപ്പെടുകയാണ് ഈ ചടങ്ങിലൂടെ കാണിക്കാർ. രാജഭരണം കഴിഞ്ഞതിന് ശേഷം ഈ ആചാരത്തിന് ഇവർ മാറ്റം വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...