തിരുവനന്തപുരത്ത് അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും. മരിച്ച വിദ്യയുടെ പങ്കാളിയായിരുന്ന മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുകയെന്നാണ് റിപ്പോർട്ട് . ഉച്ചയ്ക്ക് മുമ്പ് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് നേരത്തെ സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ഊരൂട്ടമ്പലത്തു നിന്ന് 2011 ല്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ളത് ഗുരുതര വീഴ്ചയാണെന്ന് ആരോപണം ഉയർന്നിരുന്നു. കിടപ്പാടം വിറ്റ പണം പോലും പൊലീസിന് കൈക്കൂലി നൽകി തീര്‍ന്നെന്നാണ് വിദ്യയുടെ അമ്മ കരഞ്ഞ് പറഞ്ഞത്. തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒരു മിസ്സിംഗ് കേസ് വരുമ്പോൾ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലും പോലീസ് കാണിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിൻറെ വീട്ടിൽ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിൻകണ്ണിന്‍റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത പൊലീസ് കേസ് പൂട്ടിക്കെട്ടുകയായിരുന്നു.
2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പുറത്തെത്തിയത്. എന്നാൽ വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകൾ വന്നതോടെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് കേസ് കൊലപാതകമെന്ന് തെളിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...