പന്തളം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റില്‍ ഉണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
തന്ത്രിയും പൂജാരിയുമെല്ലാം ക്ഷേത്രത്തിന്‍റെ അഭിഭാജ്യ ഘടകമാണെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടരത്തിന് ഇടപെടേണ്ടി വന്നതെന്നും ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍. വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കണം, നിലയ്ക്കല്‍ ആദ്യം അടി കിട്ടിയത്.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നു. റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്ന് ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് അറിയിച്ചു. രാജകുടുംബം പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനില്ലയെന്നും ബോര്‍ഡിന് അതിന്‍റെ നിയമവ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യത മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.