കാസർഗോഡ്: Periya Double Murder Case: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്തേറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ സിപിഐഎം അംഗവുമായ അഡ്വ. സി കെ ശ്രീധരൻ. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ എറണാകുളം സിബിഐ കോടതിയിൽ അഡ്വ. സി കെ ശ്രീധരൻ ഹാജരായി. മുൻ കെപിസിസി വൈസ് പ്രസിഡന്റായിരുന്ന സികെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നത് ആഴ്ചകൾക്ക് മുൻപാണ്. മുൻ കെപിസിസി ഉപാദ്ധ്യക്ഷനായിരുന്ന സി കെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നതിനുശേഷം ഏറ്റെടുക്കുന്ന ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികൾക്ക് വേണ്ടിയാണ് അദ്ദേഹം ഈ കേസ് ഏറ്റെടുത്തത്. സി കെ ശ്രീധരൻ ക്രിമിനൽ അഭിഭാഷക രംഗത്ത് പ്രമുഖനാണ്. ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം വാദിക്കുക. കേസിൽ മൊത്തം 24 പ്രതികളാണ് ഉള്ളത്. മൂന്ന് അഭിഭാഷകരാണ് പ്രതികൾക്കായി വാദിക്കുന്നത്. സിബിഐ സ്പെഷ്യൽ കോടതിയിൽ വിചാരണ ആരംഭിക്കുന്നത് ഫെബ്രുവരി 2 മുതൽ മാർച്ച് 8 വരെയാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരി 17 നാണ് രാഷ്ട്രീയ വൈരാഗ്യം മൂലം വെട്ടി കൊലപ്പെടുത്തിയത്. കേസിലെ മൊത്തം 24 പ്രതികളിൽ 8 പേർക്ക് ജാമ്യം ലഭിച്ചിരുന്നു ബാക്കിയുള്ള 16 പേർ ജയിലിലാണ്. കൊലപാതകത്തിന് പിന്നാലെ ഒന്നാം പ്രതി പീതാംബരനെ സിപിഐഎം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പീതാംബരന് വേണ്ടി പാർട്ടി തന്നെയാണ് അഡ്വ സി കെ ശ്രീധനെ ഏര്‍പ്പാടാക്കിയതെന്ന ആരോപണവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...