സംസ്ഥാനത്ത് നവംബര്‍ 20-ന് സ്വകാര്യ ബസ് പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ നവംബര്‍ 20-ന് പണിമുടക്കും.

Sheeba George | Updated: Nov 7, 2019, 02:41 PM IST
സംസ്ഥാനത്ത് നവംബര്‍ 20-ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ നവംബര്‍ 20-ന് പണിമുടക്കും.

കൂടാതെ, നവംബര്‍ 13ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും ധര്‍ണ സംഘടിപ്പിക്കും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം. ചാര്‍ജ് വര്‍ദ്ധനഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്‌ നടത്തുന്നത്.

മിനിമം ചാര്‍ജ് വര്‍ദ്ധനവ്‌, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ മിനിമം ചാര്‍ജ് 8 രൂപയാണ്. അത്  10 രൂപയാക്കി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. 

കൂടാതെ, പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്. 

ചെറുവാഹനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞതായി സ്വകാര്യ ബസുടമകള്‍ പറയുന്നു. സംഭവത്തില്‍ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സര്‍വീസ് മുടക്കിലേക്കും നീങ്ങേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.