തിരുവനന്തപുരം: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച റിലേ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക്. കേരളത്തിലെ റേഷൻ വ്യാപാരികൾക്ക് കുടിശികയായ 11 മാസത്തെ കിറ്റിന്റെ കമ്മിഷൻ ഉടൻ നൽകുക, കോവിഡ് (Covid) മൂലം മരണപ്പെട്ട 58 വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുകയും തൊഴിൽസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക, റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
റേഷൻ കടകൾ അടച്ചിടാതെയും കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും നടത്തുന്ന സമരത്തോട് സർക്കാർ മുഖംതിരിക്കരുത്. ഇന്നത്തെ സത്യഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്നലെ കണ്ണൂർ ജില്ലയിലെ പ്രവർത്തകർ നടത്തിയ സമരം കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പി. സി. തോമസ്, സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിലും കടകൾ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി. നിയമലംഘനം നടത്തുകയല്ല ഉദ്ദേശമെന്നും ജീവിക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് കടകൾ തുറക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...