കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരികൃഷ്ണന്റെ മൃതദേഹം കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് കണ്ടെത്തിയത് . വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് മരിച്ചത് ഹരികൃഷ്ണനാണെന്ന് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ കാർ റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഹരികൃഷ്ണന്റെ കാറില്‍ നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അത് ആത്മഹത്യാ കുറിപ്പാണെന്നാണ് റിപ്പോർട്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്ന ഹരികൃഷ്ണന്‍ സോളാര്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലും കായംകുളത്തും ഹരിപ്പാടുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു.
സരിത എസ്.നായരെ അറസ്റ്റു ചെയ്തതു മുതല്‍ വിവാദങ്ങൾ ഹരികൃഷ്ണന്റെ പിന്നാലെയുണ്ടായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്നായിരുന്നു ആരോപിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...