കണ്ണൂർ: ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ ബിജെപി എംപി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വാഹനരേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. വ്യാജ വിലാസത്തില്‍ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു എന്നായിരുന്നു വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13നകം രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ആര്‍ടിഒ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനനങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന് സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍, ഇക്കാര്യത്തിലും സുരേഷ് ഗോപി വീഴ്ച വരുത്തിയിട്ടുണ്ട്. സുരേഷ് ഗോപി ഇതിനും വിശദീകരണം നല്‍കേണ്ടി വരും.
ആഡംബര കാറായ ഔഡി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലക്ഷങ്ങളാണ് നഷ്ടമായത്.
അതേസമയം സുരേഷ് ഗോപി എംപി നികുതി വെട്ടിച്ചെങ്കിൽ നടപടി വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപി വാങ്ങിയ ആഡംബര കാര്‍ വ്യാജ വിലാസത്തിലാണോ രജിസ്റ്റർ ചെയ്തതെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്, അഥവാ എംപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.