ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം; തിരുവാഭരണം കൈമാറി നട അടച്ചു

ഇനി കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം ശബരിമല നട തുറക്കും.   

Last Updated : Jan 20, 2019, 08:43 AM IST
ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം; തിരുവാഭരണം കൈമാറി നട അടച്ചു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് സമാപനമായി. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിന് ശേഷം നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. 

ഇനി കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം ശബരിമല നട തുറക്കും. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. ഇന്നലെ രാത്രി ഹരിവരാസനം പാടി നടയടച്ചതോടെ ഭക്തര്‍ക്കുള്ള ദര്‍ശനം അവസാനിച്ചു.

തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നല്‍കി. തുടര്‍ന്ന് മാളികപ്പുറം മണിമണ്ഡപത്തിന് മുന്‍പില്‍ ഗുരുതി നടത്തി. റാന്നി കുന്നയ്ക്കാട് അജിത്കുമാര്‍, ജെ.ജയന്‍, രതീഷ്‌കുമാര്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ഗുരുതി. ഇവര്‍ക്ക് രാജപ്രതിനിധി മൂലംനാള്‍ പി.രാഘവവര്‍മ രാജ പണക്കിഴി സമ്മാനിച്ചു.

മടക്ക ഘോഷയാത്രയ്ക്കായി തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കിഴക്കേമണ്ഡപത്തിലേക്കു മാറ്റി. ഇന്നു രാവിലെ 5.30 തിരുവാഭരണവാഹകര്‍ എത്തി പേടകം പതിനെട്ടാം പടിയിറക്കിയ ശേഷം രാജപ്രതിനിധി ദര്‍ശനത്തിനെത്തി. അതിനുശേഷം മേല്‍ശാന്തി അയ്യപ്പനു ഭസ്മാഭിഷേകം നടത്തി നട അടച്ചു.

തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങിയ രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിച്ചു. പിന്നീട് തിരുവാഭരണവുമായി മലറയിറങ്ങി.

തീര്‍ഥാടന കാലത്തെ ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടി രൂപയാണ്. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടി രൂപയുടെയും നഷ്ടം ഉണ്ടായി. ഇന്നലെ വരെയുളള കണക്കാണിത്. മണ്ഡലകാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്കു കാലത്തേത് 63,00,69,947 രൂപയുമാണ്.

കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമാണ് വരുമാനം. ഇത്തവണ മകരവിളക്കിന് 28.32 കോടി രൂപയുടെ അരവണയും 3.09 കോടി രൂപയുടെ അപ്പവും വിറ്റു. കാണിക്ക ഇനത്തില്‍ മകരവിളക്കു കാലത്ത് 24.57 കോടി രൂപയും ലഭിച്ചു.

മുന്‍വര്‍ഷങ്ങളിലെല്ലാം വരുമാനം വര്‍ധിക്കാറുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ യഥാര്‍ഥ നഷ്ടം 100 കോടിയെങ്കിലും വരും. ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കേണ്ട അയ്യപ്പ സന്നിധിയില്‍ ഈ മണ്ഡലകാലത്ത് ഉയര്‍ന്ന് കേട്ടത് പ്രതിഷേധങ്ങളും കൊലവിളികളുമായിരുന്നു എന്നത് എല്ലാവരും കണ്ടതാണല്ലോ. അതുതന്നെയാണ് ഈ നഷ്ടങ്ങളുടെ കാരണം എന്നതില്‍ സംശയമില്ല. 

 

Trending News