ശബരിമല ഹർജികൾ ഇന്ന് ഹൈക്കോടതിയില്‍

സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ നിരവധിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട്. 

Last Updated : Feb 1, 2019, 11:07 AM IST
 ശബരിമല ഹർജികൾ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

നേരത്തെ ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. 

ചിത്തിര ആട്ട വിശേഷത്തിന് ഇടയിൽ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടികാണിച്ച് ശബരിമല നിരീക്ഷക സമിതി സമർപ്പിച്ച അന്തിമ റിപ്പോർട്ടും ഹൈക്കോടതി പരിഗണിക്കും. 

സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ നിരവധിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

പമ്പ മുതൽ സന്നിധാനം വരെ സ്ത്രീകൾക്ക് സുരക്ഷ, പുതിയ ടോയ്‌ലറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നും സമിതി ചൂണ്ടികാട്ടുന്നു.  

കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. 

യുവതികൾക്ക് നാല് മഫ്തിയിലുള്ള പൊലീസുകാർ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികൾ മല കയറിയത് സുരക്ഷ മുൻനിർത്തി ആണെന്നുമാണ് പൊലീസ് റിപ്പോർട്ട്. 

 

 

Trending News