തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠങ്ങൾ വീടുകളിൽ നിന്നും നൽകണമെന്ന സന്ദേശവുമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ്..
ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ആനിമേഷൻ ലഘുചിത്രം വനിത ശിശു വികസന വകുപ്പ് പുറത്തിറക്കി. ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയല്ല മറിച്ച് അവര്‍ക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ലഘുചിത്രം പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: -
"ലൈംഗികതയെക്കുറിച്ച് നിലനിൽക്കുന്ന അശാസ്ത്രീയമായ ധാരണകൾ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകുക എന്നത് ഒരു ആധുനിക സമൂഹത്തിന്‍റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്.
ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കിൽ അവർ ഉത്തരങ്ങൾ തേടി ഒടുവിൽ തെറ്റായ സ്രോതസ്സുകളിൽ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത ധാരണകൾ ഉണ്ടാക്കുകയും ചെയ്യും.
ഈ ലക്ഷ്യം മുൻനിർത്തിയാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് ഈ അനിമേഷൻ ലഘുചിത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ആദ്യപാഠങ്ങള്‍ വീട്ടിൽ നിന്ന് തന്നെ തുടങ്ങാം." മുഖ്യമന്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...