മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Last Updated : Jul 2, 2018, 12:28 PM IST
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: ഏറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യു (20) ആണ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയാണ് മരിച്ച അഭിമന്യു. 

എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ എന്ന വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വെളുപ്പിന് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. കോളെജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പുറത്തുനിന്ന് എത്തിയവരും പോസ്റ്റര്‍ പതിക്കാന്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ 37 വയസ്സുള്ള ആളാണ്.

ഈ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

Trending News