കോഴിക്കോട്: പുതുപ്പാടിയിൽ ഷിഗല്ലെ വൈറസ് ബാധിച്ച് അത്യാസന്ന നിലയിൽ ആയിരുന്ന രണ്ടു വയസുകാരൻ മരിച്ചു. അടിവാരം തേക്കിൽ ഹർഷാദിന്‍റെ മകൻ സിയാൻ ആണ് മരിച്ചത്. സിയാനിന്‍റെ ഇരട്ട സഹോദരന്‍ സയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ ഷിഗല്ലേ ബാക്ടീരിയയുടെ സാന്നിധ്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. വയറിളക്കത്തെ തുടര്‍ന്ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളെ രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമാന ലക്ഷണങ്ങളുമായി ഒരു കുട്ടി കൂടി ചികിത്സയിലുണ്ട്.
പുതുപ്പാടി സ്വദേശികളായ ഇരട്ട കുട്ടികളെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്തു തന്നെ ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കുട്ടി മരിച്ചത്.
മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗല്ലെ പടരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2016ൽ ജില്ലയിൽ നാലു കുട്ടികൾ ഷിഗല്ലേ ബാധിച്ച് മരിച്ചിരുന്നു.