മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമാണെന്ന് പോലീസ് നിഗമനം. ആരെയും കാണാനില്ലെന്ന പരാതി ആരും പറഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ പോലീസിനെ അറിയിക്കണം എന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സ്വകാര്യ ബോട്ടാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. അതിനാൽ എത്രപേർ അപകടത്തിൽപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ നേവി സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. 22 ജീവനാണ് ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ പൊലിഞ്ഞത്. അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് വിവരം. ബോട്ടിൽ നിരവധി സ്ത്രീകളും കൊച്ചു കുട്ടികളുമുണ്ടായിരുന്നു. ഒരു കുടുംബത്തിലെ 11 പേരുടെ ജീവനാണ് ഒറ്റദിവസത്തിൽ നഷ്ടമായത്. പത്ത് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം 5 പേർ നീന്തി രക്ഷപ്പെട്ടതായും വിവരമുണ്ട്.
40 പേർക്കാണ് ആകെ ടിക്കറ്റ് നൽകിയതെന്നാണ് വിവരം. എന്നാൽ ചെറിയ കുട്ടികൾക്ക് ടിക്കറ്റ് നൽകിയിരുന്നില്ല. ടിക്കറ്റെടുത്തിട്ടും ബോട്ടിന്റെ വരവ് കണ്ട് ഭയന്ന് കയറാതെ പിന്മാറിയവരും ഉണ്ട്. എല്ലാ ആശുപത്രികളിലെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...