തിരുവനന്തപുരം: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ പരിഗണിക്കും. സര്‍ക്കാര്‍ നിലപാട് സര്‍ക്കാര്‍ ഇന്ന് എ.ജി ഹൈക്കോടതിയെ അറിയിക്കും. സ്‌കൂള്‍ ഏറ്റെടുക്കുന്നതിന്റെ സാമ്പത്തിക ബാധ്യതയുടെ റിപ്പോര്‍ട്ട് ജില്ലാ കലക്റ്റര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍ പൂട്ടാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളുകള്‍ പൂട്ടാതിരിക്കാനുള്ള എല്ലാം നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസം സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നുമാണ് മന്ത്രി പറഞ്ഞത്.
മലാപ്പറമ്പ് സ്‌കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതേ സമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നത് എന്ത് വില കൊടുത്തും തടയുമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതി അറിയിച്ചിരിക്കുന്നത്.
അതേ സമയം സ്‌കൂള്‍ പൂട്ടുന്നതില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് രംഗത്ത് . മന്ത്രിയായിരിക്കെ അബ്ദുറബ്ബിനോട് സ്‌കൂള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് അദ്ദേഹം കീഴ്‌പ്പെട്ടോയെന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്കെ എസ് യു പ്രസിഡന്റ് വി.എസ്.ജോയിയും ആവശ്യപ്പെട്ടു. മാനേജര്‍മാര്‍ക്ക് അധികാരം നല്‍കുന്ന കേരള വിദ്യാഭ്യാസ ചട്ടം പരിഷ്‌കരിക്കണമെന്നും ജോയി പറഞ്ഞു.മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. എന്തു വില കൊടുത്തും സ്‌കൂള്‍ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.