ചെന്നൈ: അരിക്കൊമ്പനെ തിരികെ കേരളത്തിലേക്ക് എത്തിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. എറണാകുളം സ്വദേശിനി റബേക്ക ജോസഫായിരുന്നു അരികൊമ്പനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് ആണ് ഹർജി തള്ളിയിരിക്കുന്നത്. ആനയെ എവിടേക്ക് വിടണമെന്ന് തീരുമാനം എടുക്കേണ്ടത് വനം വകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തഴ്മിനാട് വനംവകുപ്പ് വ്യക്തമാക്കി. ആന ഇപ്പോൾ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ഉള്ളതെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം കൊതയാർ വനമേഖലയിൽ ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പിലൂടെ സ്ഥിതീകരിച്ചു.
ALSO READ: നന്ദിനിക്ക് മൂക്കുകയർ ഇടാനൊരുങ്ങി കേരളം; കർണ്ണാടകയ്ക്ക് കത്തയക്കും
ആന ആരോഗ്യവാനെന്ന് തെളിവു നൽകുന്നതിനായി അരികൊമ്പന്റെ ദൃശ്യങ്ങളും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കൂടാതെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ട്.
തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത് ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.
അതേസമയം മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ എന്ന കാട്ടാനയുടെ പരാക്രമം. രാത്രി മൂന്നാറിലേക്ക് വരികയായിരുന്ന യാത്രക്കാരാണ് മുറിവാലന്റെ മുന്നിൽ പെട്ട് പോയത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതര മണിയോടെയാണ് റോഡിലെത്തിയ മുറിവാലൻ അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാൻ ആരംഭിച്ചത്.
ആന മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിംങ്ങ് പോയിന്റിന് സമീപത്ത് നിൽക്കുന്നത് കണ്ടതോടെ ഇരു ഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾ നിർത്തി. അതിലൊരു വാഹനം റോഡിൽ നിലയുറപ്പിച്ച ആനയുടെ സമീപത്തു കൂടി എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതോടെ മുറിവാലൻ അക്രമാസക്തനാവുകയും വാഹനം ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വാഹനം പിറകോട്ട് എടുത്തതുകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ വൈകുന്നേരത്തോടെ മേയുന്നുണ്ടായിരുന്നു. വിനോദ സഞ്ചാരികൾ ആനകളെ നേരിൽ കാണുകയും ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയുമാണ് മടങ്ങി പോയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്.
മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി. വൈകുന്നേരങ്ങളിൽ കാട്ടാനകൾ കൂട്ടമായി ഇവിടുത്തെ പുൽമേടുകളിൽ എത്തുന്നത് പതിവാണ്. സാധാരണയായി ഭക്ഷണം യഥേഷ്ടം ഉള്ളതിനാൽ മറ്റ് അക്രമങ്ങൾ ഒന്നും ഉണ്ടാക്കാറില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...