പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ തഹസിൽദാരുടെ നേതൃത്വത്തിൽ കൂട്ട അവധി എടുത്ത് വിനോദയാത്രക്ക് പോയ സംഭവത്തിൽ അവസാനിക്കാതെ വിവാദം. ജീവനക്കാർ വിനോദയാത്ര നടത്തിയത് ക്വാറി ഉടമയുടെ ബസ്സിലാണെന്ന അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
അനധികൃതവും അല്ലാത്തതുമായ നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന കോന്നിയിൽ ക്വാറി ഉടമകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിൻ്റ് കൗൺസിലും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
ജീവനക്കാരുടെ വിനോദയാത്ര വിവാദമാക്കിയത് എംഎൽഎ ആണെന്നും അതുവഴി സിപിഐയുടെ കൈയ്യിലുള്ള റവന്യൂ വകുപ്പിനെ അപകീർത്തിപ്പെടുത്തിയതായും സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പരാതിയുണ്ട്. ജനീഷ് കുമാർ എംഎൽഎ തഹസിൽദാരുടെ കസേരയിൽ ഇരുന്നതും രേഖകൾ പരിശോധിച്ചതും ശരിയായില്ലെന്ന് സിപിഐ നേതൃത്വം നിലപാടെടുത്തതോടെ സിപിഎം ജില്ലാ സെക്രട്ടറി എംഎൽഎയെ ന്യായീകരിച്ച് രംഗത്തെത്തി.
പ്രശ്നം എൽഡിഎഫിൽ ചർച്ചയാക്കാനാണ് സിപിഐ നേതൃത്വത്തിന്റെ ആലോചന. ക്വാറി ബന്ധം സംബന്ധിച്ച പ്രശ്നങ്ങൾ പരസ്യമായി ഉന്നയിച്ചത് ഇടത് ജീവനക്കാരുടെ സംഘടനകളിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വിനോദയാത്ര കൂടുതൽ വിവാദമായതോടെ കഴിഞ്ഞ രാത്രി ഉദ്യോഗസ്ഥ സംഘം യാത്ര അവസാനിപ്പിച്ച് മടങ്ങിയെത്തിയതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...