കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. അരൂർ സ്വദേശിയും എറണാകുളം എ ആർ ക്യാംപിലെ പൊലീസുകാരനുമായ അമൽദേവിനെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു.ഇയാൾ ഞാറയ്ക്കൽ പെരുമ്പിള്ളിയിലാണു താമസിച്ചിരുന്നത്.
സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോഴാണ് അമൽദേവ് സ്വർണം മോഷ്ടിച്ചത്.കഴിഞ്ഞ 13നാണ് മോഷണമെന്നു വീട്ടുകാർ പറയുന്നു.സ്ഥിരമായി സുഹൃത്തിന്റെ വീട്ടിൽ വരുമായിരുന്ന ഇദ്ദേഹം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു.സുഹൃത്തിന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് മോഷ്ടിച്ചത്.മരുമകൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ മോഷണ വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.തുടർന്നു പൊലീസിൽ പരാതി നൽകി. ഈ ദിവസങ്ങളിൽ വീട്ടിൽ വന്നവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് സംശയം പൊലീസുകാരനിലേക്കു നീണ്ടത്. ഇയാൾക്ക് റമ്മി കളിച്ചു കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പറയുന്നു.
ഇതിനായി മറ്റൊരാളോടു പണം കടം ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ല.ഇതോടെയാണ് മോഷണമെന്നാണു നിഗമനം.അമൽദേവിനെ ഇന്നു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും.തുടർന്നു കോടതിയിൽ ഹാജരാക്കുമെന്നു ഞാറയ്ക്കൽ പൊലീസ് പറഞ്ഞു.ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ കൊണ്ടുപിടിച്ചുള്ള ശ്രമം നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...