തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിലെ ഹിജാബിനു പകരം നീളമുള്ള കൈകളുള്ള ജാക്കറ്റും തലമറയ്ക്കാൻ സർജിക്കൽ ഹുഡും അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 എംബിബിഎസ് വിദ്യാർഥികളുടെ കത്ത് സംബന്ധിച്ച് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ലെന്നും സാങ്കേതിക വിഷയമായതിനാൽ ആരോഗ്യ പ്രോട്ടോകോൾ സംബന്ധിച്ച് അധ്യാപകർ തന്നെ വിദ്യാർഥികളോടു വിശദീകരിക്കുമെന്നും മന്ത്രി വിഷയത്തിൽ പ്രതികരിച്ചു. ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതിന് അതിന്റേതായ പ്രോട്ടോകോൾ ഉണ്ടെന്നും മന്ത്രി അത് ആ രീതിയിൽ നടക്കുമെന്നും വിവാമാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയുടെ വാക്കുകൾ....
‘‘മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു കാര്യം ആവശ്യപ്പെട്ടു. ആ വിഷയത്തിൽ അധ്യാപകർ പരിശോധിച്ചു തീരുമാനിക്കും. ഡോക്ടർമാരുടെ സംഘടന തന്നെ ഓപ്പറേഷൻ തിയറ്ററിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചു കഴിഞ്ഞു. ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഏതെങ്കിലും ഒരു ഭരണകൂടമല്ല. അതിന്റെ ഭാഗമായുണ്ടായ പ്രോട്ടോകോളുമല്ല. ഇതു തികച്ചും സാങ്കേതികമായ വിഷയമാണ്. പ്രോട്ടോകോളിന്റെ അടിസ്ഥാനമെന്നാൽ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ അണുബാധയേൽക്കാതെ സംരക്ഷിക്കണം എന്നാതാണ്. ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിരിക്കുന്നത് അതിനുവേണ്ടിയാണു. അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. അണുബാധ ഒഴിവാക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോകോളാണു പിൻതുടരുന്നത്’’ എന്നാണ് വീണാജോർജ് പറഞ്ഞത്.
ALSO READ: കൈതോലപ്പായ വെളിപ്പെടുത്തല്‍; കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴു എംബിബിഎസ് വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിനു പകരമായി നീളമുള്ള കൈകളോടു കൂടിയ സ്‌ക്രബ് ജാക്കറ്റുകളും തലമറയ്ക്കാൻ സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനു കത്തു നൽകിയത്. പ്രിൻസിപ്പൽ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിഷയം ചർച്ച ചെയ്യാനായി വിളിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ കത്തിൽ ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കേണ്ടത് മതപരമായി നിർബന്ധമുള്ള കാര്യമാണ്. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷൻ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രയാസം നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...